അറിവ് നിർമിക്കുന്ന കുട്ടികൾ..

സൃഷ്ടിയുടെ ഏഴാം നാൾ. പാഴായിപോയ നിർമ്മിതികളെയോർത്ത് ദൈവം പരിതപിച്ച ദിവസം.ഇനിയെങ്കിലും നല്ലതെന്തെങ്കിലും സൃഷ്ടിക്കണം. കളിമണ്ണും, വാരിയെല്ലുമൊന്നുമല്ലാത്ത, വിശുദ്ധിയുള്ള, നിർമ്മലമായ എന്തെങ്കിലുമൊന്ന്.അന്നാകണം ഈശ്വരൻ കുഞ്ഞുങ്ങളെ സൃഷ്ടിച്ചത്.പാൽ പുഞ്ചിരിയും നന്മയുടെ പരിമളവുമായി ഭൂമിയിലവതരിച്ച മാലാഖകുഞ്ഞുങ്ങൾ.ഈ അറുബോറന്മാരെയൊന്നും പറഞ്ഞു നേരെയാക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ ദിവസമാണ് യേശുക്രിസ്തു കുട്ടികളെ നോക്കി പറഞ്ഞത് “അവരെ തടയേണ്ട കാരണം സ്വർഗ്ഗ രാജ്യം അവരുടേതാണ്”.ഹൃദയമൊരു അപ്പുപ്പൻ താടിയാവുകയാണ്.ഞാനും ആഴ്ചയുടെ ഏഴാം ദിവസം കുട്ടികളോടൊപ്പമാണ്-ഹോം ട്യൂഷനുകൾ.ആറു കുരുന്നുകൾ,ഒരാൾക്കൊപ്പം ഒരു മണിക്കൂർ. സംഗീതമാണ് വിഷയം.ഇലക്ട്രോണിക് കീബോർഡും, ഗിറ്റാറും.

കുടുംബത്തിന്റെ ചരിത്രമെടുത്താൽ മണ്മറഞ്ഞു പോയവരേറെയും നാലക്ഷരം കൂട്ടിവായിക്കാൻ പഠിപ്പിച്ചിരുന്നവരായിരുന്നു.പറവൂർ സെയിന്റ് ജർമൈൻ സ്കൂളിൽ പ്രധാന അദ്ധ്യാപകനായിരിക്കെ അകാലത്തിൽ മരിച്ചു പോയ തേലപ്പിള്ളി ജോസഫ് സാറിന്റെയും ഭാര്യ അതേ വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപികയായി വിരമിച്ച താണ്ടമ്മ ടീച്ചറിന്റെയും ആറു മക്കളിൽ രണ്ടാമത്തയാളാണ് എന്റെ അമ്മാമ- ഒളനാട് സ്കൂളിൽ പഠിപ്പിച്ചിരുന്ന ചിന്നമ്മ ടീച്ചർ.സഹോദരങ്ങളെല്ലാംഅദ്ധ്യാപകർ.അവരുടെ മക്കളും,മരുമക്കളും ,മക്കളുടെ മക്കളും അദ്ധ്യാപനം കുലത്തൊഴിലാക്കിയവർ .ചിന്നമ്മ ടീച്ചറിന്റെ രണ്ടാമത്തെ പുത്രനാണ് എന്റെ അപ്പൻ. വരാപ്പുഴ ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂളിൽ സംഗീതാധ്യാപകനായി വിരമിച്ച രാജൻ സാർ .എല്ലാ വിദ്യാർത്ഥികളോടും നമ്മൾ ചോദിക്കുന്ന ക്ളീഷേ ചോദ്യമുണ്ട് ‘വലുതാവുമ്പോൾ ആരായി തീരണം’?ഞാനൊഴിച്ചു ക്ലാസ്സിലെ എല്ലാവർക്കും വലിയ സ്വപ്നങ്ങളാണ് . എനിക്കൊരു ടീച്ചറാവണം,പഠിപ്പിക്കണം,പ്രജോദിപ്പിക്കണം. ഗുരുകാരണവന്മാരുടെ രക്തം സിരകളിലൂടെ ഓടുന്നത് കൊണ്ടായിരിക്കാം പ്രവാസത്തിന്റെ ഈ മരുഭൂമിയിലും ഞാൻ ഒരു ‘സാറായത്’

കഴിഞ്ഞദിവസം, നട്ടുച്ചക്ക്, അമ്പതു ഡിഗ്രിയോടടുത്ത ചൂടിൽ പൊരിഞ്ഞ് കയറി വന്നപ്പോഴാണറിഞ്ഞത് ആറു വയസുകാരൻ വിദ്യാർത്ഥിയെ കാണ്മാനില്ല. വീട്ടുകാരെല്ലാം പരിഭ്രാന്തരാണ്. അകത്തെ മുറികളിൽ നിന്നും അടക്കം പറച്ചിലുകളും, പരിഭവങ്ങളും കേൾക്കാം. ഞാൻ നിൽക്കണോ പോകണോ എന്നറിയാതെ വിറച്ചു നിൽക്കുകയാണ്. അല്പസമയത്തെ റെയ്ഡിന് ശേഷം പിടികിട്ടാപുള്ളിയെ കണ്ടെത്തി. അടുക്കളയിൽ മുഷിഞ്ഞു നാറിയ തുണികളിടുന്ന ഒരു കുട്ടയുണ്ട്,അതിൽ ഒളിച്ചിരിക്കുകയായിരുന്നു. ഞാൻ ഒരു കുറ്റവാളിയെ പോലെ കീബോർഡിനടുത്തു പോയിരുന്നു. അല്പസമയത്തെ ശ്‌മശാന മൂകതക്കൊടുവിൽ വീട്ടുകാരി ഒരു തണുത്ത നാരങ്ങാ വെള്ളം തന്നു -ഹാ, നല്ല ചീഞ്ഞനാരങ്ങ. കലങ്ങിയ കണ്ണുകളുമായി പ്രതി അടുത്ത് വന്നു. “എന്തേ ഉണ്ണീ, എന്നോടീ ചതി ചെയ്തു. ഞാൻ പഠിപ്പിക്കുന്നതിലും ഭേദം, മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾക്കിടയിൽ ശ്വാസംമുട്ടി മരിക്കുകയാണെന്നു നീ കരുതി അല്ലേ? എന്തിനെന്നെ അപമാനിച്ചൂ? “അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു ആറു വയസ്സുകാരന് ഇത്രയും ജീവിതവ്യഥകളോ!രാവിലെ ഏഴു മണിക്ക് നീന്തൽ പരിശീലനം,ഒരു വിധം നീന്തി കരപറ്റിയാൽ ഫുട്ബോൾ കോച്ചിങ്, പിന്നെ കരാട്ടെ. ബാക്കിയുള്ള പ്രാണനുമായി വീട്ടിൽ വരുമ്പോൾ സംഗീതം. അവനോടു കണ്ണ് തുടക്കാൻ പറഞ്ഞു. ഗുരു എന്ന നിലയിൽ ഇനിയും വളരാത്തതെന്തേ എന്നോർത്ത് എന്നോട് തന്നെ അമർഷം തോന്നി. എന്റെ തെറ്റ്, എന്റെ വലിയതെറ്റ്.പാഠപുസ്തകങ്ങളിലേക്കും, ഉത്തരക്കടലാസുകളിലേക്കും, കറുത്ത ബോർഡുകളിലേക്കും മാത്രമല്ല ഒരു അദ്ധ്യാപകൻ നോക്കേണ്ടത്. ഓരോ വിദ്യാർത്ഥിയുടേയും ഹൃദയത്തിലേക്കും കൂടിയാണ്.എന്നിട്ടും അവന്റെ കൈവെള്ള വിയർക്കാറുള്ളത് ഞാൻ ശ്രദ്ധിച്ചില്ല. മാതാപിതാക്കളുമായി അൽപനേരം സംസാരിച്ചു.അവർ മകന് വേണ്ടിയുള്ള പദ്ധതികളുടെ ബ്ലൂപ്രിന്റ് നിവർത്തി.അവന്റെ കലാ -കായിക ക്ഷമതകളെക്കുറിച്ചുള്ള ഉത്കണ്ഠകൾ എന്നെ പറഞ്ഞു മനസിലാക്കി. വീട് വിട്ടിറങ്ങി, ലിഫ്റ്റിലേക്കു നടന്നപ്പോൾ കരഞ്ഞത് എന്റെ കണ്ണുകളായിരുന്നു.

‘തന്നെ താൻ അറിയണം, തന്നത്താൻ അറിയണം’ എന്നൊരു കുഞ്ഞുണ്ണി കവിതയുണ്ട്.അതിനു ചൂട്ട് പിടിക്കുക, അത്രേയുള്ളു വിദ്യാഭ്യാസത്തിന്റെ ധർമ്മം. പഠിച്ചതും പഠിപ്പിച്ചതും അധികമായി എന്ന് തോന്നുന്നു.എല്ലാവരും ‘ജീവിത വിജയത്തിലേക്കുള്ള’ കുതിപ്പിലാണ്.അപ്പൻ വരാപ്പുഴ സ്കൂളിലെ സംഗീതാധ്യാപകനായിരുന്നു. സിനിമയും, സീരിയലുമൊക്കെ മദ്രാസ് വിട്ടു കൊച്ചിയിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന കാലം. അപ്പൻ സ്കൂൾ വിട്ടു വന്നാലും റെക്കോർഡിങ് ജോലികൾക്കു പോകും.മികച്ച ശബ്ദകലാകാരനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമൊക്കെ കിട്ടിയിട്ടുണ്ട്. കുഞ്ഞിലേ പോളിയോ വന്നു ഒരു കാലിനു സ്വാധീനക്കുറവുള്ളതുകൊണ്ട് ഇരു സൈഡുകളിലും ചക്രം ഘടിപ്പിച്ച ക്യനെറ്റിക് ഹോണ്ട സ്കൂട്ടറിലാണ് യാത്ര. ശ്രമകരവും,സാഹസികവുമായ ഉദ്യമമം.ഇടത്തേക്ക് ചരിഞ്ഞാൽ വലതുവശത്തെ ചക്രം പൊങ്ങും. വലത്തേക്ക് ഭാരം കൊടുത്താൽ ഇടതു വശത്തെ ചക്രം വായുവിലുയരും. സൈഡ് വലിവ് സ്ഥായിയാണ്. പുറകിലിരിക്കുന്നയാൾ അഡ്ജസ്റ്റ് ചെയ്തിരുന്നില്ലെങ്കിൽ സ്കൂട്ടർ ഡേവിഡ് ബെക്കാമിന്റെ ഫ്രീകിക്ക് പോലെ റോഡിൻ്റെ പുറത്തേക്കു പോകും അല്ലെങ്കിൽ ഏതെങ്കിലും ലോറിയുടെയോ ഫാസ്റ്റ് പാസ്സഞ്ചറിന്റെയോ അടിയിൽ പോകും.വരാപ്പുഴ പാലം വരുന്നതിനു മുൻപ് നഗരം വളരെ ദൂരെയായിരുന്നു.വൈകീട്ടു തുടങ്ങുന്ന റെക്കോർഡിങ്ങുകൾ കഴിയുമ്പോൾ പിറ്റേന്ന് നേരം പുലരും.ഇതടക്കം എല്ലാ സ്കൂട്ടർ യാത്രകളിലും ഞാനാണ് കോ പൈലറ്റ്. കാലിനു നീളം വയ്ക്കുന്നത് വരെ കങ്കാരു കുഞ്ഞിന്റെ പോലെ സ്കൂട്ടറിന്റെ മുൻപിൽ നിന്നും അതിനു ശേഷം കുട്ടികുരങ്ങന്റെ പോലെ പുറകിൽ അള്ളിപിടിച്ചിരുന്നുമാണ് സഞ്ചാരം. ഉത്തരവാദിത്വമുള്ള ജോലിയാണ്.സംസ്ഥാന പാതകളിലെ അഗാധഗർത്തങ്ങൾ ചാടുമ്പോൾ സൈഡിലിരിക്കുന്ന ഊന്നുവടി തെറിച്ചു പോകും. അതെടുത്തു കൊടുക്കണം. എവിടെയെങ്കിലും പാർക്ക് ചെയ്താൽ മറ്റുള്ള ഇരുചക്രങ്ങൾ പോലെ പരസഹായമില്ലാതെ വളച്ചു തിരിച്ചെടുക്കാൻ പറ്റില്ല. ചെളിയിൽ പൂണ്ടു പോയാലും തള്ളിയും വലിച്ചും പുറത്തെടുക്കാൻ സഹായിക്കണം.വാഹനത്തിന്റെ പുറകിൽ നിന്ന് തള്ളുമ്പോൾ ശ്രദ്ധിക്കണം അപ്പോൾ നടുവിലെ ചക്രം ഒരു ഫാൻ പോലെ പ്രവർത്തിക്കുകയും നിങ്ങളെ ചെളിയിൽ കുളിപ്പിക്കുകയും ചെയ്യാം. അല്ലെങ്കിൽ കൂർത്ത ഒരു കല്ല് തിരുനെറ്റിയിൽ വന്നു കൊള്ളാം.നേരത്തെ ജോലി കഴിഞ്ഞാൽ ഞങ്ങളൊരു സിനിമയ്ക്കു കയറും.അന്നത്തെ വിഖ്യാതമായ സിനിമകളൊക്കെ കണ്ടതെങ്ങനെയാണ്. ടിക്കറ്റ് എടുക്കാൻ രണ്ട് രീതിയുണ്ട്. നേരെ ഓഫീസിലേക്ക് പോവുക “ക്യുവിൽ നില്ക്കാൻ കഴിയാത്ത ആളു കൂടെയുണ്ട് ദയവായി ടിക്കറ്റ് തരിക”. അല്ലെങ്കിൽ കൗണ്ടറിൽ പോയി മേടിക്കുക. മൾട്ടീപ്ലസ്ഉകളുടെയൊക്കെ ഉത്ഭവത്തിനു മുൻപാണ്.”ലൈറ്റ് അറ്റ് ദി ഏൻഡ് ഓഫ് ടണൽ” എന്നൊക്കെ പറയുമ്പോൾ മനസ്സിൽ വരുന്നത് രൂക്ഷഗന്ധം വമിക്കുന്ന ആ കൗണ്ടർ ഗുഹകളാണ്. ഒരു എട്ടു വയസുകാരന്റെ ക്ലാസ്‌ട്രോ ഫോബിക് ദുസ്വപ്നം.ആത്മവിശ്വാസം അതാണാശ്വാസം.

കോരിച്ചൊരിയുന്ന പേമാരിയും, ഇടിവെട്ടുമുള്ള വർഷക്കാലത്ത് ഞങ്ങൾ രണ്ടുപേരും വീട്ടിലേക്കുള്ള മടക്കത്തിലാണ്. മണലുവാരി മുഖത്തെറിയും പോലെയാണ് തുള്ളിക്കൊരുകുടം മഴ.ഒരു വഴിവിളക്ക് പോലും തെളിയുന്നില്ല. സ്കൂട്ടറിന്റെ അരണ്ട വെളിച്ചത്തിൽ റോഡേത് തൊടേത് എന്ന് മനസിലാവുന്നില്ല. നിലാവുള്ള രാത്രികളിൽ ഞാൻ പുറകിലിരുന്നു ഉറങ്ങിവീഴാതിരിക്കാൻ അപ്പൻ യക്ഷിക്കഥകളും പ്രേതകഥകളും പറയും.ഇന്നതില്ല.പാതി വഴി താണ്ടി പാനായിക്കുളത്തെത്തിയപ്പോഴാണ് വണ്ടിയിൽ താക്കോലില്ല എന്ന് മനസ്സിലായത്. ഏതെങ്കിലുമൊരു പാതാളക്കുഴിയിൽ വടി തെറിച്ചു വീഴും പോലെ പല്ലു തേഞ്ഞ താക്കോലും ഊരി വീണതാവാം. മൊബൈൽ ഫോണില്ലാത്ത കാലം എന്ന് ‘ഡിസ്ക്ലെയിമർ’ കൊടുക്കണമെന്നു തോന്നുന്നു.ജീവിതം ചെറിയൊരു ടെസ്റ്റ് പേപ്പർ തരുന്നതാണ്. കടന്നുവന്ന എല്ലാ മഴക്കുഴികളിലും എൽ. പി സ്കൂളുകാരൻ മുട്ടറ്റം വെള്ളത്തിൽ നിന്ന് താക്കോൽ തപ്പുകയാണ്. ബിനാനിപുരത്തെ ഒരു ‘നീന്തൽ കുളത്തിൽ ‘ നിന്നും ഒടുവിൽ താക്കോൽ തപ്പിയെടുത്തു. അന്ന് ആ മരണക്കുഴിയിൽ നിന്നും ആ താക്കോൽ മുങ്ങിയെടുത്ത കുട്ടിക്ക് ജീവിതത്തിന്റെ ആഴക്കടലുകളിൽ പോയി തിമിംഗലങ്ങളെ പിടിക്കാം.രാത്രിയിലെ ഭീകരതയേയും പകൽ പറക്കുന്ന അസ്ത്രത്തേയും അവനു പേടിക്കണ്ട. കാലം അവനു മുഴുവൻ എ പ്ലസ് കൊടുക്കും.

ഏറ്റവും വലിയ മോട്ടിവേഷൻ സ്വന്തം ജാതകമാണ്. ആയുസിന്റെ ബലം അമ്മ പറയാറുണ്ട്.അമ്മിക്കലിന് ചതച്ചരച്ചാലും ചാവാത്തവനെന്നാണ് തലയിലെഴുത്തു. തൊട്ട് താഴെയുള്ളവന്റെ കാര്യം നേരെ മറിച്ചായിരുന്നു.മാർക്കണ്ഡേയ പുരാണം കേട്ടിട്ടില്ലേ.ദീർഘായുസും ഭോഷനുമായ മകൻ വേണ്ട, അല്പായുസും ജ്ഞാനിയുമായ മകനെ മതി എന്ന വരം തെരെഞ്ഞെടുത്ത മൃഗേന്ദു മഹർഷിയെ പറ്റി.പാൽവെണ്ണയുടെ നിറമുള്ളവൻ. മുറിഞ്ഞു പോയ കുടുംബബന്ധങ്ങളെ ഒരുമിച്ചു ചേർത്തവൻ.അവന്റെ ജനനത്തിനു ശേഷമാണു ഞാൻ നാലാംവയസ്സിൽ ആദ്യമായ്‌ മാതൃഭവനത്തിൽ പോകുന്നത്.ചെക്കന് കുഞ്ഞിലേ മുതൽ കടുത്ത തലവേദനയാണ്, ദേഹം പൊള്ളുന്ന ഉഷ്ണം. പോകാത്ത സ്ഥലങ്ങളില്ലാ, കയറിയിറങ്ങാത്ത ആശുപത്രികളില്ലാ. അസുഖം മാത്രം മൂർച്ഛിച്ചു വന്നു. ഒരു ദിവസം രാത്രി എട്ടു വയസുകാരൻ കുട്ടി കുഴഞ്ഞു വീണു. ശരീരം ഓരോന്നായി അതിന്റെ കിളിവാതിലുകൾ അടച്ചുതുടങ്ങി.കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. അമൃത ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ വച്ചാണ് യഥാർത്ഥ രോഗം തലയ്ക്കല്ല വയറിലാണെന്നു തിരിച്ചറിയുന്നത്. കിഡ്‌നിയോടടുത്ത് ഒരു ട്യൂമർ.ഏറെ വൈകി പോയെന്നും എന്തും നേരിടണമെന്നും വൈദ്യ ശാസ്ത്രം പറഞ്ഞു.ഓർക്കുമ്പോൾ അസ്ഥികൾ പൊടിഞ്ഞു പോകുന്ന ഓർമയുണ്ട്.കാണിക്കേണ്ടവരെയൊക്കെ കാണിക്കാൻ പറഞ്ഞപ്പോൾ,യാത്രാമൊഴിക്കായി എന്നെയും കൊണ്ട്പോയി.ബ്ലീച്ചിന്റെയും ഫിനോയിലിന്റെയും അസഹ്യഗന്ധമുള്ള തണുത്തുറഞ്ഞ ഇടനാഴികൾ കൊണ്ടെത്തിച്ചത് കട്ടിലിൽ മനുഷ്യന്റെ രൂപമുള്ള വേദന കൊണ്ട് പുളയുന്ന അസ്ഥിശേഖരത്തിന്റെയടുത്താണ്.നഴ്സുമാർ ഇൻജെക്ഷൻ ചെയ്യാൻ നാഡീഞരമ്പുകൾക്കായുള്ള തിരച്ചിലിലാണ്.അനുഭവങ്ങൾ നമ്മുടെ പ്രാർത്ഥനകളെ വരെ വിശുദ്ധീകരിക്കും. ‘ഒരേ ഒരു രാത്രി കൂടി’, അതാണ് അന്നത്തെ പ്രാർത്ഥന.എല്ലാ വിഷയത്തിനും മുഴുവൻ എ പ്ലസ് കിട്ടാൻ പത്തു ദിവസം മുടങ്ങാതെ നൊവേന കൂടുന്ന കുട്ടികളുണ്ട്. പടച്ചോനോട് ബാർഗൈൻ ചെയ്യുമ്പോഴും ഒരു നിലവാരമൊക്കെ വേണെമെന്നേ പറഞ്ഞുള്ളു.’അമ്മ ഇപ്പോഴും പ്രാർത്ഥിക്കാറുണ്ട് “കോടതി കയറിറങ്ങാം, ഏതു സർക്കാരാപ്പീസിന്റെ വാതിലിലും കാത്തിരിക്കാം , ആശുപത്രി വരാന്തയിലിരുത്തല്ലേ.വണ്ണത്തിൽ കുറച്ചാലും എണ്ണത്തിൽ കുറക്കല്ലേ ദൈവമേ” എന്ന്.അവൻ ജീവിച്ചു.കാലകേയൻ എറിഞ്ഞ കുരുക്ക് വീണത് ശിവലിംഗത്തിലാണ്.മാർക്കണ്ഡേയൻ ഇനിയുമോരായിരം കൊല്ലം ജീവിക്കും. ആദ്യത്തെ സർജറി കഴിഞ്ഞു,മൂന്നാം മാസത്തെ ചെക്കപ്പ് കഴിഞ്ഞപ്പോൾ പോയ ട്യൂമർ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നെന്നറിഞ്ഞു . വീണ്ടും ശസ്ത്രക്രിയ.മരണത്തിന്റെ ആ മുനമ്പിൽ നിന്ന് തിരികെ വരുന്നവർക്ക് ജീവിതം ഒരു പൂ വിരിയും കണക്കെ ലളിതമാണ് .അവൻ പഠനത്തിൽ മിടുക്കനാണ്.എംബിബിഎസ്‌ ഡോക്ടറാവണം.പ്ലസ്‌ ടു ചേർന്നത് ദൂരെയുള്ള വിദ്യാലയത്തിലാണ്. നേരം പുലരുന്നതിനു മുൻപേ പോകും, രാവിലെ എൻട്രൻസ് ക്ലാസ്സുണ്ട്, അത് കഴിഞ്ഞു സ്കൂൾ. വീട്ടിലെത്തുമ്പോൾ രാത്രിയാവും അങ്ങനെ രണ്ടു കൊല്ലം .നാലക്ക റാങ്ക് കിട്ടിയിട്ടും മെറിറ്റിൽ സീറ്റ് കിട്ടിയില്ല.പ്ലസ് ടുവിന് ശേഷം ഒരു കൊല്ലം തൃശ്ശൂരിൽ താമസിച്ചു പഠിച്ചു. ആ തവണയും മെച്ചപ്പെട്ട റാങ്ക്, പക്ഷെ സീറ്റില്ല.കിട്ടിയത് ഡെന്റലാണ്.ആരും നിരാശപ്പെട്ടില്ല.നിരാശപ്പെടാൻ അവകാശമില്ല.ദൈവം ഗ്രേസ് മാർക്ക് കൊടുത്തു ജയിപ്പിച്ചവനെ,ലോകമെങ്ങനെ തോൽപ്പിക്കും.ഇന്നും ആ വയറിലെ തിരുമുറിവുകൾ കാണുമ്പോൾ തോന്നും മൃത്യംജയമാണ് ജീവിതവിജയം.ഈ എളിയ ജീവന്റെ, ഈ ജീവിതത്തിന്റെ,സൗരഭ്യത്തെ കുറിച്ച് എന്നാണ് നാം കുഞ്ഞുങ്ങളോട് പറയുക? എന്നാണ് അവരെയൊരു ആതുരാലയ സന്ദർശനത്തിന് കൊണ്ടുപോവുക? മരണവീട് കാണാത്ത കുട്ടികളുണ്ട്.അവസാനകാലത്ത് അപ്പാപ്പനെ ശുശ്രുഷിച്ചത് ബിടെക്കിനു ഇരുപത്തിനാല് വിഷയം തോറ്റ ഏറ്റവും ഇളയ അനുജനാണ്.ഷേവ് ചെയ്തു കൊടുക്കും, നഖം വെട്ടി കൊടുക്കും. ഒടുവിൽ മലമൂത്ര വിസർജ്യങ്ങൾ വരെ വൃത്തിയാക്കി. ഞാനടക്കമുള്ള വിദ്യാസമ്പന്നർ അദ്ദേഹത്തോടൊപ്പം ആ മുറിയിൽ അഞ്ചു മിനിട്ടിരിന്നിട്ടുണ്ടോ എന്നോർമ്മയില്ല.മനസ്സിന്റെ ആ നനവാണ് ജ്ഞാനം. അതുകൊണ്ടാവാം രാജാവിനെ പോലെ ജീവിച്ച ആ മനുഷ്യൻ ഏതെങ്കിലും ഇരുളടഞ്ഞ മുറിയിൽ പുഴുങ്ങി മരിക്കാതെ ചക്രവർത്തിയെപോലെ യാത്രയായത്.എന്തിനാണ് ഈ വിദ്യാഭ്യാസം?ഈ ബിരുദങ്ങളൊക്കെ ചുരുട്ടി കോണകമണിയാം.അനുജന്മാർ ജേഷ്ഠനും,ജേഷ്ഠൻ അനുജനുമാവുകയാണ്.

എല്ലാ തെറ്റും നമ്മുടേതാണ്.പന്തയ കുതിരകളെയാണ് താല്പര്യം. അതിനപ്പുറമൊരു ഗുരു ശിഷ്യ ബന്ധമില്ല. ഒത്തിരി പ്രഗത്ഭർ പഠിപ്പിച്ചിട്ടുണ്ട്.രണ്ടുവർഷം എക്കണോമിക്സ് പഠിപ്പിച്ചിട്ടും,അന്ന് വൈകീട്ടത്തെ സുഹൃത്തിന്റെ കല്യാണ പാർട്ടിയിൽ വച്ച് കണ്ടപ്പോൾ ‘താനാരാ’ എന്ന് ചോദിച്ചയാൾ.ജീവിതത്തിൽ ഒരു മൊട്ടുസൂചി പോലും വിറ്റിട്ടില്ല, ഇന്റർനർനാഷണൽ ബിസിനസ്സ് പഠിപ്പിക്കും കൈനിറയെ ഡോക്ടറേറ്റുണ്ട്. ഏഴാം ക്ലാസ്സിലെ മലയാളം ക്‌ളാസ് കഴിഞ്ഞപ്പോൾ ജിതേഷ് സാർ അടുത്ത് വന്നിട്ട് ചോദിച്ചു,”എന്താ നിന്റെ മുഖത്തൊരു വിഷമം”.ഗുരു ശിഷ്യന്റെ ഹൃദയത്തിലേക്ക് നോക്കുകയാണ്. ഞാൻ പറഞ്ഞു “അനിയനു സുഖമില്ല, ആശുപത്രിയിലാണ്”. എന്നോട് മോട്ടോർ സൈക്കിളിന്റെ പുറകിൽ കയറാൻ പറഞ്ഞു. ഇടപ്പള്ളിയിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും മസാലദോശയും ചായയും മേടിച്ചു തന്നു, എന്റെ കൂടെ വീട്ടിൽ വന്നു. അപ്പനുമായി ഏറെ നേരം സംസാരിച്ചു. പോകാൻ നേരം നെഞ്ചോടു ചേർത്ത് നിർത്തി.കുറ്റാക്കൂരിരുട്ടും പേരിനു മാത്രം വായുസഞ്ചാരവുമുള്ള തായ്‌ലൻഡിലെ താം ലാവോങ് ഗുഹയിലകപ്പെട്ട പന്ത്രണ്ടു കുട്ടികളെ നെഞ്ചോടു ചേർത്തുനിർത്തിയ എകപോൽ ചാന്തവോങ് എന്ന ഫുട്ബോൾ സഹപരിശീലകനില്ലേ. ഒന്നും രണ്ടുമല്ല ഒമ്പതു ദിവസമാണ്,ലോകമറിയുന്നത് വരെ ആ മനുഷ്യൻ ആ കുഞ്ഞുങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്.ഈ സമയമെല്ലാം എന്താവാം അയാൾ അവരുടെ ചെവിയിൽ മന്ത്രിച്ചിട്ടുണ്ടാവുക?

“ഇനിയെന്നാണ് നാം നമ്മുടെ കുഞ്ഞിന്റെ മനസ്സിനെയൊന്നു വാരിപുണരുക……

യേശു ചോദിച്ചു: ആരാണ്‌ എന്നെ സ്‌പര്‍ശിച്ചത്‌്‌? ആരും മിണ്ടിയില്ല. അപ്പോള്‍ പത്രോസ്‌ പറഞ്ഞു: ഗുരോ, ജനക്കൂട്ടം ചുറ്റുംകൂടി നിന്നെതിക്കുകയാണല്ലോ.

യേശു പറഞ്ഞു: ആരോ എന്നെ സ്‌പര്‍ശിച്ചു. എന്നില്‍നിന്നു ശക്‌തി നിര്‍ഗമിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.”
(ലൂക്കാ 8 : 46)

2 comments

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s