ഓർമ്മയുടെ മലമുഴക്കികൾ

ഓർമ്മ വച്ച കാലംതൊട്ട് പറഞ്ഞു പഠിപ്പിച്ച ഒരു പച്ചക്കള്ളമുണ്ട്, പെലിക്കൻ പക്ഷികളുടെ കരളലിയിപ്പിക്കുന്ന മാതൃസ്നേഹത്തിന്റെ കഥ.വറുതിയുടെ കാലത്ത് തീറ്റയില്ലാതെ അലമുറയിട്ടുകരയുന്ന കുഞ്ഞുങ്ങൾക്ക് സ്വന്തം ചങ്ക് കൊത്തികീറി ചുടു ചോര കുടിക്കാൻ കൊടുക്കുന്ന അമ്മപക്ഷികൾ.നാട്ടിലെ പ്രശസ്തമായ ദേവാലയത്തിന്റെ മേൽക്കൂരയിലൊക്കെ അതിന്റെ വലിയൊരു രൂപം കൊത്തി വച്ചിട്ടുണ്ട്.മാറ് പിളർന്നു നിൽക്കുന്ന അമ്മ പെലിക്കൻ ,മൂന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ.ഈ ലോകത്തൊരിടത്തും ഒരു പെലിക്കൻ പക്ഷിയും തന്റെ കുഞ്ഞിന് വേണ്ടി ജീവത്യാഗം ചെയ്തിട്ടില്ല.ഭാവനകൾ കൊരുക്കാത്ത പ്രായത്തിൽ കേൾക്കുന്നതെന്തും പ്രപഞ്ച സത്യങ്ങളാണ്.ദൂരദേശങ്ങളിലെ കഥകൾ പറഞ്ഞു തന്നവരാരുമെന്തേ മലമുഴക്കി വേഴാമ്പലുകളെ പറ്റി പറഞ്ഞുതന്നില്ല?ഈജിപ്തിലെ നൈൽ നദിക്കരയിൽ കൂടുകൂട്ടിയ പെലിക്കനെ ചൂണ്ടി കാട്ടി ക്രിസ്തുവിന്റെ സ്നേഹത്തെ പറ്റി വേദോപദേശ ക്‌ളാസ്സുകളിൽ പഠിച്ചിരുന്നപ്പോഴും,സഹ്യന്റെ കന്യാവനങ്ങളിൽ ഏകപതീവ്രതകളായ വേഴാമ്പലുകൾ ,മഴക്കാർമൂടികെട്ടിയ ആകാശങ്ങളിലൂടെ വഴിതെറ്റിപ്പോയ ഇണകളെ തേടിയലയുന്നുണ്ടായിരുന്നു.

പ്രജനന കാലത്തു ഇരുവരും ഉയർന്ന ഏതെങ്കിലും മരത്തിൽ പൊത്തുകളുണ്ടാക്കുന്നു .മുട്ടകളിട്ടു അടയിരിക്കുന്ന അമ്മക്കിളിക്ക് സുരക്ഷിതത്വം വേണം.ആൺകിളി ചെളിയും മറ്റുമുപയോഗിച്ചു പൊത്തിന്റെ വായടക്കണം.മുട്ടകൾ വിരിഞ്ഞാലും അവനു പിടിപ്പതു പണിയാണ്.കൂടുതൽ തീറ്റവേണം,കൂടുതൽ വെള്ളം വേണം.പൊത്തിന്റെ താക്കോൽദ്വാരത്തിലൂടെ അവനവന്റെ കുരുന്നുകളുടെ ശബ്ദം കേൾക്കാം.അവരുടെ വിശപ്പറിയാം.വേനൽസൂര്യൻ ജ്വലിക്കുകയാണ്.കാട് പൊരിയുന്നു .സന്ധ്യമയങ്ങിയിട്ടും കൂട്ടുകാരൻ മടങ്ങിയെത്തിയില്ല.നിലനിൽപ്പിന്റെ നെട്ടോട്ടത്തിൽ അവനെവിടെയോ വീണുപോയിരിക്കുന്നു.പൊത്തിന്റെ സുഷിരത്തിലൂടെ നൂല് പോലെ വരുന്ന നിലാവെളിച്ചത്തിലേക്ക് അവൾ മുഖം ചേർത്തു.തനിക്കു പൊത്തിൽ നിന്നും ആകാശത്തിലേക്കു പറന്നുയരാം,പക്ഷെ കണ്ണ് തുറക്കാത്ത തന്റെ കുഞ്ഞുങ്ങൾ.കുറച്ച് ദിവസത്തെ ചൂടിനപ്പുറം പെയ്‌ത വേനൽ മഴയിൽ ഒരമ്മയുടെയും ഇനിയും വെളിച്ചം കാണാത്ത മൂന്ന് കുഞ്ഞുങ്ങളുടെയും ജഡങ്ങൾ ആ മരത്തിലൂടെ മണ്ണിലേക്കലിഞ്ഞിറങ്ങി.

സ്ത്രീ അമ്മയാണ്. ‘അമ്മ ഭൂമിയാണ്. ദേശീയപാതയുടെ ഓരത്ത് ഇപ്പൊ പുറമ്പോക്കു പോലെ കിടക്കുന്ന ഭൂമിയിലും ഒരു പക്ഷിക്കൂടുണ്ടായിരുന്നു. ഞാൻ ജനിച്ച വീട്.ആ പുരയ്ക്കു തറയില്ലായിരുന്നു.ഈ ഭൂമിയിൽ തലയുയർത്തി നിൽക്കാൻ അതിനു വേരുകളാവശ്യമില്ലായിരുന്നു.ഒരമ്മക്കിളി മൂന്ന് കുഞ്ഞുങ്ങളെ അടവച്ചു വിരിയിച്ച വീട്ടിൽ ചെറിയ കിളിമുറികൾ. ഓരോ മുറിക്കും ഓരോ പേരുകൾ.അപ്പാപ്പൻ കട നടത്തി മുടിഞ്ഞയിടം കിടപ്പുമുറിയാക്കിയപ്പോൾ ‘പീടിക മുറി ‘.അവിടെയാണ് അപ്പൻ സംഗീതം പഠിപ്പിച്ചിരുന്നത്.അവിടെയാണ് സോളിഡിയെർ കമ്പനിയുടെ ടിവി പ്രതിഷ്ഠിച്ചിരിക്കുന്നത്.പിന്നെ ‘കൊച്ചു മുറി ‘,’തെക്കേ മുറി ‘, അമ്മാമയുടെ മുറി. പീടികമുറിയിൽ നിന്നും നോക്കിയാൽ മുറ്റത്തു കെട്ടിയ ദിവ്യഗർഭം പേറിയ കറുത്ത ആടിനെ കാണാം.ഒരിക്കലും കരച്ചില് നിർത്താത്ത ജീവി. ദാരിദ്ര്യത്തിന്റെ ദേശീയ ചിന്ഹമാണ് ആടുകൾ.അതിനെ കറന്നെടുത്ത പാലിലും കാണും കറുത്ത രോമങ്ങൾ.സ്കൂളിൽ നിന്നും വരുന്നതിനു മുൻപ് അത് പ്രസവിക്കല്ലേ എന്നാണ് അന്നത്തെ ഏറ്റവും വലിയ പ്രാർത്ഥനകളിലൊന്ന്.ചീത്ത നാള് മാറി പോകാൻ പേറ്റു നോവിലും അനുജനെ ഗർഭപാത്രത്തിൽ പിടിച്ചു നിർത്താൻ വ്യഥാ ശ്രമം നടത്തിയ ‘അമ്മ തന്നെയാണ് അതിനെയും നോക്കുന്നത്. ആടിനെ കെട്ടിയടുത്താണ് വെള്ള ചാമ്പക്കയുടെ മരം. ഓരോ ചാമ്പക്കയുടെയും കാമ്പിൽ ഒരായിരം കാക്കയുറുമ്പുകൾ.ആ ചാമ്പക്കകൾക്കെല്ലാം മധുരമാണ്.പിന്നെ പുളി, മാവ്,കൊക്കോ കാപ്പി പ്ലാവ്, അങ്ങനെയങ്ങനെ കാക്കത്തൊള്ളായിരം വിശിഷ്ടവൃക്ഷങ്ങൾ.കാപ്പിയുടെയും,പേരയുടെയും പുളിയുടേയും കൊമ്പുകളൊടിച്ചാണ് ‘അമ്മ ആക്രമണം നടത്തിയിരുന്നത്.ഉറപ്പുള്ള തൊലിയുടെയും ബലമുള്ള നട്ടെല്ലിന്റെയും വിലയെന്തെന്നു ആദ്യം പഠിപ്പിച്ചത് അവയാണ്. പുറകിലെ അരക്കലിനോട് ചേർന്നു നിൽക്കുന്ന ബബ്ലൂസ് നാരങ്ങയുടെ മരത്തിന്റെ ശിഖരങ്ങൾ മേൽക്കൂര പൊളിച്ചാണ് പടർന്നു പന്തലിച്ചിരിക്കുന്നത്.ബബ്ലൂസ് നാരങ്ങ വീണു ഓടുകളെല്ലാം പൊട്ടി തകർന്നിരിക്കുന്നു .ബബ്ലൂസ് നാരങ്ങാ ഞാനന്നും കഴിക്കില്ല, ഇന്നും കഴിക്കില്ല. വീടിനരികത്തുള്ള കുളത്തിൽ നിന്നും ചിലപ്പോൾ ആമകളും, ചേരകളും, നീർക്കോലികളും കയറിവരും. ചേര വീട്ടിൽ കയറും, ഉത്തരത്തിലാകെ ശംഘു വരയൻ പാമ്പുകളുടെ സംസ്ഥാന സമ്മേളനമാണ്. ഒരു ദിവസം അപ്പൻ പാട്ട് പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് രണ്ടു പേർ ഡ്യുയറ്റ് പാടി കൊണ്ട്‌ മച്ചിൽ നിന്നും ഹാർമോണിയത്തിന്റെ മുകളിലേക്ക് വീണത്.

ക്രിസ്ത്യാനികൾ പ്രാർത്ഥനകൾ മനസ്തമാക്കുന്നവരാണ്. എന്തും മനഃപാഠമാക്കാൻ ഞാനെന്നും വളരെ പുറകിലാണ്.പ്രാർത്ഥനകളുടെ ഘോര ഗർജനങ്ങൾക്കിടയിൽ പകച്ചു നിന്ന ബാല്യത്തെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചവരുണ്ട്. കർമ്മമാണ്‌ ഏറ്റവും ഉത്തമമായ പ്രാർത്ഥന എന്ന് അപ്പൻ പഠിപ്പിച്ചപ്പോൾ അധികം സിദ്ധാന്തങ്ങളും, തത്വശാസ്ത്രവുമൊന്നും അറിയാത്ത മാതാവ് പഠിപ്പിച്ചത് ഈ രണ്ടു ജപങ്ങളാണ് “ലോകത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവണേ ദൈവമേ”. “എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവണേ ദൈവമേ”. രണ്ടും 5 പ്രാവശ്യം വീതം. തിരിഞ്ഞു നോക്കുമ്പോൾ ഇതിലും ശ്രേഷ്ഠവും, ഇൻക്ലൂസിവുമായ ഒരു സാരോപദേശം മറ്റാരെങ്കിലും തന്നിട്ടുണ്ടോ എന്നറിയില്ല. “.ദേശീയ പാത വികസനം തീമഴ പോലെ വന്നപ്പോഴും അത് തന്നെയായിരുന്നു യാചന. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു. സ്ഥലമെടുപ്പിലും, വെട്ടിനിരത്തിലിലും എല്ലാം വെന്തൊടുങ്ങി. ചുറ്റുമുള്ള കുളങ്ങൾ നാടിൻറെ കുപ്പത്തൊട്ടികളായി. ചെമ്പോത്തുകളും പൂത്താങ്കിരികളും നാമാവശേഷമായി.വികസനം, ഒരു ദേശത്തിന്റെ അന്നനാളത്തിലേക്കു കുത്തിയിറക്കുകയായിരുന്നു.അമ്പലങ്ങൾക്കും പള്ളികൾക്കും ധനികർക്കും വേണ്ടി അലൈന്മെന്റുകൾ മാറിമറിഞ്ഞു.കുടിയിറക്ക് ഭീഷണി ഭയന്ന് പുറകിലേക്കിറക്കി വെച്ച വീടുകളിലേക്കും ആ തീ പടർന്നു. ഉറക്കെ നിലവിളിച്ചവർ വികസന വിരോധികളായി.സ്വയം വെട്ടി നിരത്തുന്നവരുണ്ട്. മാളികകൾ പടുത്തുയർത്തി,അവിടെ മരുഭൂമിയാക്കി ടൈൽസ് വിരിക്കുന്നവർ,നിലാവുള്ള രാത്രിയിൽ സ്വന്തം ഗേറ്റിൽ നിന്നും സ്വന്തം വീട്ടിലേക്കു നോക്കി “ഹാ സ്റ്റൈലൻ വീട്”, എന്ന് ആത്മഗതം നടത്തുന്നവർ .”റോഡ് ഫ്രണ്റ്റേജിന്റെ’ പൊങ്ങച്ചം പറയുന്നവർ. അത് കേൾക്കുമ്പോൾ ശ്വാസകോശത്തിൽ തടഞ്ഞു നിൽക്കുന്ന കഫം ഇളകി വരും.ഹേ മനുഷ്യ, ഒരു ദേശീയ പാത പോകുന്നത് ഞങ്ങളുടെ ഹൃദയത്തിന്റെ ഒത്ത നടുവിലൂടെയാണ്. അതിലെ മാമരങ്ങളെയും, ജലാശയങ്ങളെയും, വയലുകളെയും കൊന്നത് ഞാനല്ല, പക്ഷെ നീയോ?

ഇന്നും റോഡിനായി എടുത്തിട്ട ഊഷര ഭൂമികളിൽ റോഡ് ഒഴിച്ച് ബാക്കിയെല്ലാം വികസിക്കുന്നുണ്ട്. ഇതെല്ലാം കണ്ടു കണ്ണീർ പൊഴിച്ചിരുന്ന തറവാട് ഒരിക്കൽ ഉറക്കെ കരഞ്ഞു കൊണ്ട് നിലംപൊത്തി. ആരൊക്കെയോ വന്നതിന്റെ ശവദാഹം നടത്തി. ഒരു കുടംബത്തിന്റെ ചരിത്രത്തെ തെമ്മാടിക്കുഴിയിലടക്കി കാലം കുതിക്കുകയാണ്. തെളിനീരൊഴിക്കിയിരുന്ന ഒരു കിണർ മാത്രം ഊർദ്ധ ശ്വാസം വലിക്കുന്നത് കാണാം. അരക്കു കല്ലിന്റെ മുകളിലിരുന്ന് പല്ലു തേച്ചിട്ട് തുപ്പുമ്പോൾ, ആ കിണറ്റിന്റെ വക്കിലെത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. പണ്ട് ആ വീട്ടിലെ കൊച്ചു മുറിയിൽ ചിറകു മുളക്കാത്ത മൂന്ന് കുഞ്ഞുങ്ങളെ ഉറക്കാൻ കിടത്തിയിരുന്ന ‘അമ്മ.അതിനെ മുട്ടിയുരുമി പ്രവഹിക്കുന്ന വാഹനങ്ങളുടെ പ്രകമ്പനങ്ങൾ അടങ്ങിയിരിക്കുന്നു.കോരിച്ചൊരിയുന്ന മഴയും ഇടിവെട്ടും,വേലിക്കു തീപിടിക്കുമെന്ന് പേടിക്കണ്ട.അങ്ങനെ സംഭവിച്ചിട്ടുണ്ട്, ആരോ ബീഡി വലിച്ചു വലിച്ചെറിഞ്ഞതാണ്.വീടിന്റെ ഒരു വശം കത്തിത്തുടങ്ങിയപ്പോഴാണ് അറിഞ്ഞത്.വളയം നേരെയാവാത്ത ചരക്കു ലോറികളെയും, ദീർഘദൂര ബസ്സുകളെയും ഭയക്കണം.ആഞ്ഞൊന്നു തള്ളിയാൽ പൊളിഞ്ഞു പോകുന്ന വാതിലുകളാണ്.അപ്പന്റെ ഊന്നുവടി കുത്തി തകർന്ന തറകൾ. അതിലിഴഞ്ഞു നടന്ന കുഞ്ഞുങ്ങളുടെയെല്ലാം കാൽമുട്ടുകളിലും കൈകളിലും സിമന്റ് പൊടിയുടെ അഴുക്കാണ്. പാതിത്തളർന്ന ചിറകുമായി ഇര തേടിപ്പോയ തന്തക്കിളി രാവേറെയായിട്ടും തിരിച്ചെത്തിയിട്ടില്ല. അടുത്തൊരു കൊള്ളിയാനിൽ കറന്റ് പോകും. നനഞ്ഞുതുടങ്ങിയ കുമ്മായ ചുമരുകളിൽ നിന്നും പഴുതാരകളും, ഇരുതലമൂരികളും തലയിട്ടു നോക്കും.മാതാവ് ഇരുവശത്തും കിടക്കുന്ന കുഞ്ഞുങ്ങളെ മാറോടു ചേർത്ത് നെറ്റിയിൽ തള്ളവിരല് കൊണ്ട് വരയ്ക്കും “യൂദന്മാരുടെ രാജാവായ നസ്രായക്കാരനായ ഈശോ, പെട്ടന്നുള്ള മരണത്തിൽ നിന്നും ദുസ്വപ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ….. ”

മനസ്സിലൊരു ആകാശമുള്ളവർക്കു ചിറകുകളെന്തിന്?

Where do poems go,

when words so miserably fail

May they should follow

the great Indian hornbills

As they pierce through the light of the day

10 comments

 1. Very good writing dear .. so touching a recollection.. fondly remembering your ancestral home where i used to come to meet my would be sister in law.. pls dont let down the fire in you.. keep going.. all the very best .. God bless you..
  lovingly, Mini aunty..

  Liked by 2 people

 2. No words to express my feelings on u r narrative rithu, hard work and experiences always re-pays. In conclusion what you said I want to repeat the same മനസ്സിലൊരു ആകാശമുള്ളവർക്കു ചിറകുകളെന്തിന്. Keep going on…

  Best Regards

  Chandan Shenoy

  Liked by 1 person

 3. ഫലത്തിൽ നിന്ന് വൃക്ഷത്തെ അറിയാം. തൂലികയിൽ മഷിനിറയട്ടെ.‐ആശംസകൾ

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s