യെരവാൻ-അർമേനിയ 

ഒരു മണിക്കൂറായിക്കാണും,യെരവാൻ എയർപോർട്ടിൽ വിസയ്ക്കായി കാത്തുകിടക്കുന്നു.കാര്യമായ തിരക്കൊന്നുമില്ല ,ശാന്തം,നിശബ്ദം.അർമേനിയയുടെ തലസ്ഥാന നഗരമാണ് യെരവാൻ.മോസ്കോവിൽ നിന്നും ,മറ്റു റഷ്യൻ നഗരങ്ങളിൽ നിന്നും മുപ്പത് മിനിറ്റിന്റെ ഇടവേളകളിൽ ഓരോ വിമാനം വരും,സ്വപ്‌നാടകരെ പോലെ കുറേയാളുകൾ ഒഴുകുന്നു  ,ഇമ്മിഗ്രേഷൻ കഴിയുന്നു ,പോകുന്നു .വീണ്ടും നിശബ്ദത.ഞങ്ങളുടെ ഷാർജ ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ചില ഇന്ത്യൻ കുടുംബങ്ങളിലെ കുട്ടികൾ മാത്രം കലപില കൂട്ടി ഓടിനടക്കുന്നുണ്ട്.അർമേനിയക്കാരന്റെ ‘ഗൾഫാണ്’ റഷ്യ.തൊഴിൽ തേടിയുള്ള പ്രവാസം.സോവിയറ്റ് യൂണിയനിൽ നിന്നും വിടുതൽ ലഭിച്ച രാജ്യത്തിനു കിട്ടിയ മൃതസഞ്ജീവനിയാണ് വിനോദസഞ്ചാരരംഗം .ഇന്ത്യ തുടങ്ങി പല രാജ്യങ്ങൾക്കും ഇവിടെ ‘വിസ ഓൺ അറയിവൽ ‘ ആണ്.ഓഫീസർമാരുടെ ‘ഇംഗ്ലീഷ് പ്രാവീണ്യം’ കൊണ്ട് പത്തു മിനിറ്റിൽ തീരേണ്ട വിസ പതിപ്പിക്കൽ അങ്ങനെ ഏറെ നീണ്ടു.പുറത്തിറങ്ങിയപ്പോൾ തന്നെ തണുത്തൊരു കാറ്റു ചെവിക്കല്ല് തൊട്ടു തലച്ചോറിലേക്ക് കയറിയിറങ്ങി പോയി.അർമേനിയ ശൈത്യം വിട്ടുണരുന്നേയുള്ളു.നാടോടിക്കാറ്റിലെ  ദാസന്റെയും വിജയന്റെയും പുറകെ റിക്ഷാക്കാർ കൂടിയപോലെ ,കുറേ ടാക്സി ഡ്രൈവർമാർ വാലിൽ തൂങ്ങി.അല്പം ഭേദപ്പെട്ട അധോലോക ഛായയുള്ള ഒരുത്തന്റെ  വണ്ടിയിൽ കയറി .പഴയ കെട്ടിടങ്ങളും ,പഴയ മനുഷ്യരും.വാഹനങ്ങളും വളരെ പഴയ മോഡലുകളാണ്.ആർക്കോവേണ്ടി കത്തിയമരുന്ന സിഗ്നലുകൾ.ജീവിതത്തിന്റെ വേഗത നന്നായി കുറഞ്ഞ പോലെ .ഉയർന്ന ഇന്ധന വില കാരണം ഭൂരിപക്ഷം കാറുകളും ഗ്യാസിലാണ് ഓടുന്നത്.ഞങ്ങളുടെ ശകടവും കിതച്ചുകൊണ്ടാണ് നഗരപരിധി കടന്നത് .വഴിയുലടനീളം ഇലകളില്ലാത്ത ചില്ലകളുമായി ഫിഗ് മരങ്ങളും ,ആപ്രിക്കോട്ട് മരങ്ങളും കാണാമായിരുന്നു.ഡ്രൈ ഫ്രൂട്സ്  അർമേനിയയുടെ മുഖ്യ വരുമാന ശ്രോതസുകളിലൊന്നാണ് .എൺപത്തിയഞ്ചു ശതമാനം കയറ്റിമതിയും റഷ്യയിലേക്ക്.ബാക്കിയുള്ളവ ബൾഗേറിയ ,ജോർജിയ ,ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കും പോകുന്നു .

സാരഥി ടർക്കിഷ് വംശജനാണെന്നു തോന്നുന്നു.കാർ സ്റ്റീരിയോ തുർക്കിഷ് ഗാനങ്ങളാണ് പാടുന്നത്.യെരവാൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ മുൻപിലാണ് ഞങ്ങളുടെ ചെറുതെങ്കിലും ,വൃത്തിയുള്ള ഹോട്ടൽ.സാധനസാമഗരികളൊക്ക മുറിയിൽ വച്ചിട്ട് ഞാനും വിമിനും കൂടി പുറത്തേക്കിറങ്ങി.രണ്ടു പേർക്കും വിശപ്പിന്റെ അസുഖം കലശലായിട്ടുണ്ട്.യൂണിവേഴ്സിറ്റിയുടെ മുൻപിലുള്ള കുത്തനെയുള്ള പാതയിലൂടെ,നഗരത്തിന്റെ വിദൂരകാഴ്ചകളും കണ്ടങ്ങനെ നടന്നു.ഒരു സൈക്കിൾ കിട്ടിയിരുന്നെങ്കിൽ പെടലില് കാല് വയ്ക്കാതെ താഴെയെത്താം.ഇരുവശത്തും പുകക്കറ പിടിച്ച കൊച്ചു വീടുകളും അവയുടെ ഉമ്മറത്തു പേരറിയാത്ത ജനുസ്സിൽ പെട്ട പട്ടികളും.ഒരുപാടു വിദ്യാർഥികൾ കുന്നു കയറി എതിർദിശയിൽ നിന്നും വരുന്നുണ്ട്.യെരവാൻ സർവകലാശാലയിൽ അനേകം ഇന്ത്യക്കാർ പഠിക്കുന്നുണ്ട്.ഏറെയും വൈദ്യശാസ്ത്രവിദ്യാർത്ഥികൾ.കുറച്ചുമുമ്പ് ഒരു തമിഴ് സംഘത്തെ പരിചയപ്പെട്ടിരുന്നു.നടന്നു നടന്നു കോൺസുലേറ്റ് റോഡിലെത്തി.തൊട്ടടുത്താണ് അറെനി നദിയുടെ തീരത്തു നിർമ്മിച്ചിരിക്കുന്ന വിക്ടറി പാർക്ക്.അവിടെ ചെറിയൊരു അമ്യൂസ്മെന്റ് പാർക്കും ,നമ്മുടെ നാട്ടിലെ തട്ടുകടകൾ പോലെയുള്ള ഭക്ഷണശാലകളുമുണ്ട് .കടകളുടെ മുന്നിലിരുന്നു കുറച്ചുപേർ ബിയർ കുടിക്കുന്നു.അർമേനിയക്കാരുടെ ബിയറുകളുടെ പേരുകൾ രസകരമാണ്.’കിലികിയ’,’ഗ്യുമാരി’ പിന്നെ ‘യെരബനി’.ആദ്യം കണ്ട കടയിൽ കയറി തണുത്ത രണ്ടു കിലികിലി പറഞ്ഞു.അവിടെയിരുന്ന വൃദ്ധ പല്ലില്ലാത്ത മോണകാട്ടി ഇളിങ്ങനെ ചിരിച്ചിട്ടു ആരെയോ വിളിച്ചു.അകത്തു നിന്ന് അതിസുന്ദരിയായ ഒരു പെൺകുട്ടി വന്നു ഫ്രിഡ്ജ് തുറന്നു രണ്ടു പച്ചനിറത്തിലുള്ള കുപ്പിയെടുത്തു തന്നു.അമ്മച്ചിയുടെ കടയിൽ ഫ്രിഡ്ജ് മാത്രമേയുള്ളു,കറന്റില്ല.ബിയർ തണുത്തിട്ടില്ല.അതിനിവിടെയെന്തു പ്രസക്തി .അർമേനിയൻ സുന്ദരിയുടെ ചിരിയിൽ സ്വയം മറന്നുപോയ ഞങ്ങൾ,എന്തൊക്കെയോ കഴിക്കാൻ ഓർഡർ ചെയ്തു.കിട്ടിയപ്പോൾ അതെല്ലാം ബീയറിനേക്കാൾ തണുത്തിരുന്നത് കൊണ്ട് കഴിക്കേണ്ടിവന്നില്ല .എന്ത് ചോദിച്ചാലും  അവളും മുത്തശ്ശിയെപോലെ മോണ മുഴുവൻ കാണെ ചിരിച്ചു കയ്യ് മലർത്തി കാണിക്കും.ഇംഗ്ലീഷ് തീരെ വശമില്ല.നമ്മൾ നിസാരമെന്ന് തോന്നുന്ന പലവാക്കുകളും അറിയില്ല ,ഗ്ലാസ്‌ ,പ്ലേറ്റ് ,ലൈറ്റർ.ലോകത്തിനു മുഴുവൻ മനസിലാവുന്ന ഒരു ഭാഷയുണ്ടായിരുന്നുവെങ്കിൽ .കാട്ടുതാറാവുകളുടെ ഒരുകൂട്ടം ചിറകടിച്ചു ഞങ്ങളുടെ മുന്നിലൂടെ തെന്നിയകലേക്കു പറന്നുപോയി.വീണ്ടുമാ യവനസുന്ദരി.

“ഒരു വിരൽ ദൂരമെന്നരികിൽനീ നിന്നിട്ടും,              ഒരു വാക്കുമെന്തേ മൊഴിഞ്ഞതില്ല                    മധുരമാം മന്ദസ്മിതം പൊഴിക്കുമ്പോഴും             മനസ്സിന്റെ വാതിൽ തുറന്നതില്ല”

വിക്ടറി പാർക്കിലെ കല്ലുവിരിച്ച നടപ്പാതയിലൂടെ കുറച്ചു ദൂരം നടന്നു.ഇലപൊഴിച്ചുനിൽക്കുന്ന ചെറി മരങ്ങൾ ഞങ്ങളെ കണ്ടു സലാം പറഞ്ഞു.ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ കെട്ടിടത്തിനടുത്തെത്തിയപ്പോൾ മതിലിൽ ആരോ വരച്ചിട്ട ചെ ബോബ് മാർലിയുടെ ചുമർചിത്രം കണ്ടു .തൊട്ടടുത്ത ആലിംഗബന്ധരായ യുവമിഥുനങ്ങൾ,റോന്ത് ചുറ്റുന്ന പോലീസുകാർ.നാസിപട്ടാളത്തെ സോവിയറ്റ് അർമേനിയൻ സൈന്യം തറപറ്റിച്ചതിന്റെ ഓർമ്മക്കാണ് 1950ൽ വിക്ടറി പാർക്ക് പണി കഴിപ്പിച്ചത് .പിന്നെ വാളേന്തിനിൽക്കുന്ന ‘മദർ അർമേനിയ ‘.1962ൽ  ക്രൂസ്‌ചേവ് സ്റ്റാലിനെ അട്ടിമറിക്കുന്നതുവരെ അവിടെ ഒരു കൂറ്റൻ സ്റ്റാലിൻ പ്രതിമയായിരുന്നു.എല്ലാവർഷവും മെയ്‌ ഒമ്പതാം തീയതി ഈ നാട്ടുകാർ ഇവിടെ വരികയും കഴിഞ്ഞുപോയ വേദനയുടെയും പ്രത്യാശയുടെയും ആ കാലത്തിനു ഓർമ്മത്തിരികൾ തെളിക്കുകയും ചെയ്തുപോരുന്നു.1941-45 കാലഘട്ടത്തിലെ രക്തരൂക്ഷിതമായ പോർക്കഥകളുമായി ‘മിലിട്ടറി മ്യുസിയം’.മുറി ഇംഗ്ലീഷുമായി രണ്ടു സ്ത്രീകൾ ഞങ്ങളയവിടെ സ്വാഗതം ചെയ്തു.സോവിയറ്റ് യൂണിയന്റെയൊപ്പം പോരാടിയ ലോകമഹായുദ്ധത്തിനപ്പുറം ,ആഭ്യന്തരയുദ്ധങ്ങളുടെ കുറേ കറുത്ത അദ്ധ്യായങ്ങളും ഈ ദേശത്തിന്റെ ചരിത്രത്തിലുണ്ട്.ഇവയാണ് ഏതൊരു അർമേനിയക്കാരന്റെയും ‘വടക്കൻ പാട്ടുകൾ’.ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അതിർത്തികൾ  എങ്ങനെയാണോ യാതൊരു യാഥാർഥ്യബോധവും പഠനവുമില്ലാതെ ബ്രിട്ടീഷ് സർക്കാർ കീറിമുറിച്ചത്,അതുപോലെതന്നെയാണ് അർമേനിയയുടെയും അയൽരാജ്യമായ അസിർബൈജാന്റെയും അതിർത്തികൾ സ്റ്റാലിൻ വരച്ചുണ്ടാക്കിയത്.തനിക്കുശേഷം പ്രളയമെന്നു രണ്ടുപേരും ഇച്ഛിച്ചു കാണണം അർമേനിയക്കാർ തിങ്ങിപാർത്തിരുന്ന നാഗാർണോ അറബാഖ് മലനിരകളെല്ലാം അസിർബൈജാന്റെ ഭാഗമായി.റഷ്യയുടെ പതനം സുനിശ്ചിതമായ അവസരത്തിൽ അർമേനിയൻ റിബലുകളുടെ നേതൃത്വത്തിൽ കുപ്രസിദ്ധമായ ആർട്സാഖ് വിമോചന യുദ്ധം തുടങ്ങുന്നത്.1988ൽ തുടങ്ങിയ ഗറില്ലാ യുദ്ധങ്ങൾ ആറു വർഷം നീണ്ടു നിന്നു.യുഗാന്തരങ്ങൾക്കും മുൻപ് കുരുക്ഷേത്രഭൂമിയുടെ നടുവിൽ നിന്നു പാർത്ഥൻ തന്റെ സാരഥിയിലേക്കെറിഞ്ഞ ആ ചോദ്യം.ആർട്സാഖിന്റെ മരണം പെയ്തിറങ്ങിയ കുന്നുകളിൽ,ഇനിയും മരിക്കാത്ത കബന്ധങ്ങൾക്ക്  ഉത്തരംകിട്ടാത്ത അതേ  ചോദ്യം.”ഈ മനുഷ്യരെയെല്ലാം കൊന്നൊടുങ്ങിയിട്ടു എന്ത് വിജയമെന്റെ കൃഷ്ണാ”?കിഴക്കൻ യൂറോപ്പിലെ ദരിദ്രമായ രണ്ടു രാജ്യങ്ങളായി അർമേനിയായും അസിർബൈജാനും ഭൂതകാലത്തിന്റെ ഉണങ്ങാത്ത മുറിവുകൾ നക്കിത്തുടക്കുന്നു.ഏത് ധർമത്തിന്റെ പരിവേഷം നൽകിയാലും മനുഷ്യൻ മനുഷ്യനോട് ചെയ്തത്രയും ക്രൂരതകളൊന്നും ഒരു മൃഗവും സ്വവർഗത്തോട് ചെയ്തിട്ടുണ്ടാവില്ല.ചരിത്രത്തിന്റെ മാറാലകളിൽ നിന്നും ഒരുവിധം പുറത്തു കടന്നു.മ്യുസിയത്തിന്റെ കവാടത്തിൽ ഒരു സംഭാവനപെട്ടി വച്ചിട്ടുണ്ട്.ക്ഷണിച്ചു വരുത്തിയ അമ്മച്ചിമാർക്കൊപ്പം ഒരു സെൽഫിയുമെടുത്ത് പെട്ടിയിൽ ഒരു കുതിരപവനിട്ടു.

വിക്ടറി പാർക്കിൽ നിന്നും ടാക്സി പിടിച്ചു നേരെ ‘റിപ്പബ്ലിക്ക് സ്ക്വ്‌യറിലേക്ക്’.സോവിയറ്റ് അർമേനിയയുടെ പഴയ അതേ  ‘ലെനിൻ സ്ക്വ്‌യർ’.ഇപ്പോഴും പഴയ നിയോ ക്ലാസിക്കൽ  പ്രൗഡിയോടെ തന്നെ തലയുയർത്തി നിൽക്കുന്നു.3 ഹെക്ടറിലാണ് അലക്സാണ്ടർ ടാമണിയൻ എന്ന അതുല്യശില്പിയുടെ കരവിരുതിൽ തീർന്ന ഈ പൊതുവിടം പടർന്നു കിടക്കുന്നത്.പേരിലൊരു സ്ക്വ്‌യർ ഉണ്ടെങ്കിലും ,ചെറിയൊരു മുട്ടയുടെ ആകൃതിയും എവിടെയൊക്കെയോ ഉണ്ട് .അർമേനിയൻ  സംഗീതത്തിനൊപ്പം നൃത്തം ചെയ്തുകൊണ്ടിരുന്ന ഒരു ഫൗണ്ടൈന്റെ അടുത്ത് പോയിരുന്നു.ചേതോഹരമായ കാഴ്ചകൾ,ഓരോ മനുഷ്യരുടെയും മുഖത്ത് ഓരോ കഥകൾ.നാട്ടിൽ പൊതു സ്ഥലങ്ങളൊക്കെ ബാക്കിയുണ്ടോ എന്തോ?കൊച്ചി നഗരത്തോട് ചേർന്നു കിടക്കുന്നു എന്നതുകൊണ്ട് ഞങ്ങളുടെ കൊച്ചുഗ്രാമത്തിലൊക്കെ വികസനതേരോട്ടമല്ലേ!പത്തു സെന്റൊക്കെ മൂന്നാക്കി മുറിച്ചു നാലു വീടുവച്ചാണ് വിൽക്കുന്നത്.അവയുടെ മലിനജലമൊഴുകുന്ന ഓവുചാലുകളൊക്കെ അടുത്തുള്ള ചെറുതോടുകളിലേക്കു തുറന്നു വച്ചിരിക്കുകയാണ് .അവയെല്ലാം പുഴകാണാതെ ചത്തൊടുങ്ങുന്നു.അല്ലെങ്കിലും ഊർദ്ധശ്വാസം വലിക്കുന്ന പുഴയോട് ഇവയൊക്കെ ചെന്ന് സങ്കടം പറഞ്ഞിട്ടെന്തിനാ?പിന്നെയുള്ള മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ കെട്ടി രാത്രിയുടെ മറവിലേക്ക് വലിച്ചെറിയുന്നു.അവരവർ ഉല്പാദിപ്പിക്കുന്ന മാലിന്യമൊക്കെ അവരവർതന്നെ ശാസ്ത്രീയമായി നിർമ്മാജ്ജനം ചെയ്യണമെന്നുള്ളത് ഒരു പാഠ്യവിഷയമായി നമ്മുടെ വിദ്യാലയങ്ങളിൽ എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല?.ഇങ്ങനെയുള്ള പൊതുവിടങ്ങളും ഓരോ വിദ്യാലയങ്ങളായിരുന്നു!!ജാതിയുടെയും മതത്തിന്റെയും വേർതിവിരുവുകളില്ലാതെ ഒരുമിച്ചിരിക്കാൻ നമുക്കും നല്ല പൊതുസ്ഥലങ്ങൾ വേണ്ടേ?

ആൾക്കൂട്ടത്തിടയിൽനിന്നും രണ്ടു പെൺകുട്ടികൾ ഞങ്ങളുടെയടുത്തേക്കു വന്ന്  വലിയ പരിചയഭാവം കാണിച്ചു നിന്നു.മുഖത്തെ ചായത്തിന്റെ അതിപ്രസരവും,ഇറുകിയ വസ്ത്രങ്ങളും കണ്ടപ്പോൾ കാര്യം മനസ്സിലായി.റഷ്യയുടെ അത്രയില്ലെങ്കിലും അർമേനിയയിൽ വേശ്യാവൃത്തി സർവസാധാരണമാണ്.അർമേനിയക്കാർ യാഥാസ്ഥിതികരാണ്,’സദാചാരപാലകരല്ല ‘.   അവരെ നല്ലവാക്കു പറഞ്ഞയച്ചിട്ടു,കുറച്ചകലെ അകോർഡിയൻ വായിച്ചുകൊണ്ടിരുന്ന വൃദ്ധനെ ചുറ്റിപറ്റിനിന്നു.പൗരസ്ത്യവും പാശ്ചാത്യവും ഇഴകലർന്നതാണ് ഇവിടത്തെ സംഗീതവും ആഹാരവും.ആ കലാകാരൻ വായിച്ച ഈണങ്ങളിലെല്ലാം എവിടെയോ കേട്ടുമറന്ന സംഗീതമുണ്ടായിരുന്നു.മൂടൽമഞ്ഞു ആ ഗലികളില്ലെല്ലാം അലക്ഷ്യമായി ഒഴുകി.പ്രായം തളർത്താത്ത വിരലുകൾ തർജമ ആവശ്യമില്ലാത്ത ഒരുപാടു കഥകൾ പറഞ്ഞു.അതിൽ പ്രണയമുണ്ടായിരുന്നു ,വിരഹമുണ്ടായിരുന്നു,ദാരിദ്ര്യമുണ്ടായിരുന്നു .സമയം നിശ്ചലമാകുന്നു.അക്കോർഡിയൻ കട്ടകളിൽ അയാളുടെ  വിരലുകൾ ഒരു നിമിഷം അനങ്ങാതെയായി.കുഴിഞ്ഞ കണ്ണുകൾ ഞങ്ങളുടെ നേരെ തിരിഞ്ഞു .എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്.ആ സംഗീതം വിശപ്പിന്റേതായിരുന്നു.

ഒരു സിംഹത്തിന്റെ മടയെന്നു തോന്നിപ്പിക്കുന്ന മദ്യശാലയിലേക്കാണ് പിന്നെ പോയത്-ഭൂമിയുടെ അടിയിലാണ് ‘സ്റ്റോയ്‌ക’ എന്ന് പേരുള്ള ആവശ്യത്തിലധികം ഇരുട്ടുണ്ടായിരുന്ന  ആ മുറി.അർമേനിയൻ സുഷിരവാദ്യോപകരണമായ ‘ഡുഡുക് ‘ സംഗീതം ചെറിയ ശബ്ദത്തിൽ വച്ചിട്ടുണ്ട്.വിവിധതരം മദ്യക്കുപ്പികൾ നിർത്തിവച്ചിരുന്ന ബാർ ഏരിയായിൽ പോയിരുന്നു.ഷിഫ്റ്റ്‌ കഴിഞ്ഞിരിക്കുന്ന രണ്ടു വെയ്‌ട്രെസ്സുകൾ,അടുത്തിരുന്നു പുകവലിക്കുന്നുണ്ട്.ബാർടെൻഡർ ഹസ്തദാനവുമായെത്തി.’പ്യോറ്റർ’ അതാണയാളുടെ പേര്.റഷ്യക്കാരൻ.’മദ്യകലാകാരൻ’ എന്നൊരു വാക്കുണ്ടോ എന്നറിയില്ല.പക്ഷെ ഉണ്ടെങ്കിൽ അത് ഇയാളാണ്.കോക്കടൈലുകളിൽ നൊടിയിടയിൽ മഹാകാവ്യങ്ങൾ തീർത്തുകളയും.വൃത്തിയായി ഇംഗ്ലീഷ് സംസാരിക്കും.കഴിവും കലയുമുള്ള മറ്റു ബാർടെൻഡർമാർ റഷ്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പറന്നുപോയപ്പോൾ പ്യോറ്റർ ആ ചെറിയ മുറിയിൽ സംതൃപ്തനായി കഴിഞ്ഞുകൂടുന്നു.പിയോറ്റർ എന്നാണ് ശരിയായ ഉച്ചാരണം.പിയോറ്റർ തസ്കവ്സ്കി എന്ന  മഹാനായ റഷ്യൻ പിയാനിസ്റ്റിന്റെ  പേര് ശരിയായി പറയാൻ അയാളെന്നെ പഠിപ്പിച്ചു.പിയോറ്റർ അർമേനിയൻ ബ്രാൻഡിയായ ‘അരാരത്ത്’ ഉപയോഗിച്ചൊരു സ്പെഷ്യൽ കൂട്ടുണ്ടാക്കിത്തന്നു.അത് നുണഞ്ഞിറങ്ങും മുൻപേ ചോദിച്ചു “പോരുന്നോ ദുബായിക്ക്”?  ചെറിയൊരു ചമ്മലോടെ താടിതടവിക്കൊണ്ടവൻ പറഞ്ഞു .”ഇല്ല ,ഇവിടെയൊരു പ്രണയമുണ്ട് ,അവൾ മലയാളിയാണ്,യെർവാൻ യൂണിവേഴ്സിറ്റിയിൽ ഡോക്ടറാവാൻ പഠിക്കുന്നു”അവളില്ലാതെ ജീവിക്കാൻ കഴിയില്ല.തലതല്ലി ചിരിക്കേണ്ട അവസരമായിരുന്നിട്ടും ഞങ്ങൾ ഇമയനക്കിയില്ല.   “അങ്കുശമില്ലാത്ത ചാപല്യമേ”                             മണ്ണിൽ അംഗനയെന്നു വിളിക്കുന്നു ഞാൻ”          ഈ കപടലോകത്തിൽ ആത്മാർത്ഥ ഹൃദയമുള്ള എന്റെ റഷ്യൻ സുഹൃത്തിനു മംഗളങ്ങൾ.

തിരികെപോകുന്ന വഴിക്കു ടാക്സി ഡ്രൈവർ ഞങ്ങളെയൊരു ‘സ്ട്രിപ്പ് ക്ലബ്ബിലെത്തിച്ചു’.നഗരത്തിലെ നിശവാണിഭങ്ങളൊക്കെ റഷ്യൻ മാഫിയ സംഘങ്ങളുടെ കുത്തകയാണ്.ഷോ തുടങ്ങാൻ ഇനിയും മുപ്പതു മിനിട്ട് കൂടിയുണ്ടെന്നും ,അത്രയും നേരം ഉള്ളിരിക്കാനും ഒരാൾ വന്നു വളരെ പരുക്കൻ ഭാഷയിൽ പറഞ്ഞു.അകത്തു ഭീതികരമായ നിശബ്ദതയാണ്.തൊണ്ണൂറു വയസ്സുള്ള ഒരു വൃദ്ധ ബക്കറ്റും തുണിയുമായ് റാമ്പുകളും,പോളുകളും തുടച്ചു വൃത്തിയാക്കുന്നുണ്ട്.പതിനഞ്ചു മിനിറ്റ് അത് വെറുതെ നോക്കി നിന്നു.ഈ രാത്രി പ്രണയത്തിന്റേതാണ്,പിയോറ്ററിന്റേതാണ് .ഷോ തുടങ്ങാൻ നിന്നില്ല,പുറത്തിറങ്ങി അടുത്തുള്ള സൂപ്പർമാർക്കെറ്റിൽ കയറി ഒരു ബോട്ടിൽ വിസ്കി വാങ്ങി .നഗരവീഥികളിൽ ഇപ്പോൾ ആളുമില്ല ,വണ്ടികളുമില്ല.കുറേ അലഞ്ഞുതിരിഞ്ഞിട്ടു ടാക്സി വിളിച്ചു.ഗൂഗിൾ ചേച്ചി പറഞ്ഞ വഴികളൊക്കെ ഉപേക്ഷിച്ചു ,ഗബ്ബർ സിംഗിന്റെ മുഖമുള്ള സാരഥി കാട്ടുപാതകളിലേക്ക് തിരിഞ്ഞു .ഞങ്ങളെ കൊള്ളയടിക്കുമായിരിക്കും ,അല്ലെങ്കിൽ കൊല്ലുമായിരിക്കും .കൊല്ലട്ടെ . മ്യാപ് പറഞ്ഞതിലും 12 മിനിറ്റ് മുൻപ് അയാൾ ഹോട്ടലിലെത്തിച്ചു ,പറഞ്ഞ കാശ് മാത്രം  മേടിച്ചു.നന്ദി സഹോദരാ ,അങ്ങയെ സംശയിച്ചതിൽ ഞാൻ ഖേദിക്കുന്നു.ഇരുട്ടിൽ നിന്നും വന്ന് ഇരുട്ടിലേക്കിറങ്ങിപോയ റിപ്പബ്ലിക് സ്‌ക്വ്‌യറിലെ കൂട്ടുകാരികൾക്ക്,ആർട്സാഖിൽ മരിച്ചുവീണ പതിനായിരക്കണക്കിന് ദേശസ്നേഹികൾക്ക്,വിക്ടോറിയ പാർക്കിലെ കാൽപാതകൾക്ക് ,ഭാവിയുടെ ഭൂതകാലമായേക്കാവുന്ന പിയോറ്ററിന്റെ പ്രണയത്തിനു,അക്കോർഡിയനിൽ പെയ്തിറങ്ങിയ പേരറിയാത്ത ആ വയോധികനോട്.ഈ രാവിൽ മരിക്കാതെ മരിച്ചുവീണ സ്വപ്‌നാടകർക്കു-നന്ദി.,നന്ദി…

“പാതിരയെ പുണർന്നൊഴുകുമ്പോൾ       മഞ്ഞണിഞ്ഞു മദാലസയായി              മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ                   മന്ദംമന്ദം പൊടിപ്പതായി കേൾക്കാം     സ്പന്ദനങ്ങളീകല്ലറക്കുളിൽ”(ചങ്ങമ്പുഴ)

വിക്ടറി പാർക്കിലെ നടപ്പാത

മിലിട്ടറി മ്യുസിയത്തിലെ സെൽഫി

പിയോട്ടറിനൊപ്പം- STOYKA

https

മാർലിയുടെ ചുമർചിത്രം

സ്പെഷ്യൽ കോക്‌ടെയ്ൽ

അക്കോർഡിയനിലെ ആ വിരലുകൾ..

4 comments

  1. പഥികന്റെ പാട്ടു മുഴുവനായി വായിച്ചത് ഇപ്പോഴാണ്. ക്ഷമിക്കുക ! ആപാത മധുരം !!, ചില പ്രയോഗങ്ങളുടെ സൗന്ദര്യം, കാണാതെ വയ്യ !!!. ഉദാഹരണം…… ഏതു ധർമ്മത്തിന്റെ പരിവേഷം നൽകിയാലും, മനുഷ്യൻ മനുഷ്യനോട് ചെയ്തത്രയും ക്രൂരതകളൊന്നും, ഒരു മൃഗവും സ്വ വർഗത്തോട് ചെയ്തിട്ടുണ്ടാവില്ല………. അതുപോലെ…… ചരിത്രത്തിന്റെ മാറാലകളിൽ നിന്നും ഒരുവിധം പുറത്തു കടന്നു……… നഷ്ടപ്പെട്ട ഓരോ പൊതു ഇടങ്ങളും, ഓരോ വിദ്യാലയങ്ങളായിരുന്നു !!. പിയോറ്റർ എന്ന ബാർ ടെന്ററുടെ പ്രണയിനി, മലയാളിയാണെന്നറിയുമ്പോൾ, വായനക്കാരന്റെ മനസിലും നിലാവുപരക്കുന്നു !”പ്രണയം മറന്ന മലയാളിയുടെ ഹൃദയത്തിൽ, കലയും, കാമിനിയും, ഇപ്പോഴും തുളുമ്പി നിൽക്കുന്നു !! MT യും, മുകുന്ദനും, OV വിജയനും, പുനത്തിലും, ബഷീറും, തകഴിയും, ഉറൂബും, മുട്ടത്തു വർക്കിയും, വാരി വിതറിയ, പ്രണയ മണി തൂവലുകൾ, മലയാളിയിപ്പോഴും നെഞ്ചിലേറ്റുന്നു !! മരിക്കാതെ മരിച്ചു വീണ, സ്വപ്‌നാടകർക്കു നന്ദി !!…….
    പോയകാല സ്മരണകളിലേക്ക്, കൈ പിടിച്ചു നടത്തുന്ന, സഞ്ചാരിയുടെ പാട്ട്. തുടർന്നെഴുതുക…… വഴിക്കണ്ണുമായ്, കാതോർത്തിരിക്കാം……….

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s