അരാരത്ത് 

പാതി വീണ  മയക്കത്തിലാണ് ആ പേര് ആദ്യം ചെവിയിൽ വീണത്-‘ അരാരത്ത് ‘.വിമാനത്തിന്റെ കിളിവാതിലുകൾ ഓരോന്നായി തുറന്നു തുടങ്ങി.ഏകദേശം ഇരുപതു മിനിറ്റിൽ ലാൻഡ് ചെയ്യുമെന്ന് പൈലറ്റ് അറിയിച്ചു .എന്റെ ജനാലകൾ അടച്ചിരുന്നില്ല.വിമാനത്തിലെ തണുപ്പിലും പ്രഭാതസൂര്യന്റെ ഇളം ചൂടിലും സുഖകരമായ ധ്യാനം.കുറച്ചു നേരം മുൻപ് പരിചയപ്പെട്ട യുവഡോക്ടറും ഭാര്യയുമായി വിമിൻ സംസാരിക്കുന്നതു കണ്ണടച്ചിരുന്നാലും എനിക്ക് കേൾക്കാമായിരുന്നു.എന്റെ വല്യമ്മയുടെ മകനാണ് സഹയാത്രികനായ വിമിൻ.ലിവോണും അനുഷും-അതാണവരുടെ പേര് .ശ്രീലങ്കയിൽ നിന്നും മധുവിധു കഴിഞ്ഞുള്ള വരവാണ്.അർമേനിയൻ ഭാഷയിൽ അനുഷ് എന്നാൽ മധുരം എന്നാണത്രെ അർത്ഥം.അനുഷ് സുന്ദരിയാണ്,ലിവോണും കാണാൻ യോഗ്യൻ തന്നെ.അറിയാവുന്ന ഭാഷയിൽ അവർ സ്വദേശത്തെ പറ്റി എന്തെക്കെയൊ സംസാരിക്കുന്നുണ്ട്.ചോദിക്കാതെ അവർ  ഭക്ഷണം ഓർഡർ ചെയ്തു കഴിക്കാൻ നിർബന്ധിക്കുകയാണ് .ഞങ്ങളുടെ കന്നുകാലി ടിക്കറ്റിൽ കുടിക്കാൻ വെള്ളം പോലും കിട്ടില്ല എന്നവർക്ക് മനസ്സിലായെന്നു തോന്നുന്നു.അനുഷ് സാമൂഹിക പ്രവർത്തകയാണ്,കൂട്ടുകാരനെക്കാൾ നല്ല ഇംഗ്ലീഷ്.അല്ലെങ്കിലും മനുഷ്യന്റെ നന്മയെ തൊട്ടറിയാൻ എന്തിനാണ് ഭാഷ.സിനിമയിൽ തിലകൻ പറയുന്നത് പോലെ “അതിരാവിലെ കാലിച്ചായയും വയറു നിറയെ ജൈവവാതകവുമായി ഫ്ലൈറ്റിൽ കയറിയ  ഞങ്ങൾക്ക് രണ്ടു ബ്രെഡും ഒരു ചായയും മേടിച്ചു തരാൻ തോന്നിയ ആ കുട്ടിയുടെ മനസ്സുണ്ടല്ലോ!! മുന്നിലിരുന്ന പൂച്ചകണ്ണുള്ള വൃദ്ധ ദമ്പതികൾ ഞങ്ങളെ രൂക്ഷമായി തിരിഞ്ഞു നോക്കി.കഥകളി മുദ്രകളിലും തലതിരിഞ്ഞ ചോദ്യങ്ങളിലും അരിശം പൂണ്ടിട്ടായിരിക്കും.തല നരച്ചവർക്കു എന്തിനാ ഇത്ര ദേഷ്യം.ജീവിതത്തെ ഉറങ്ങി തോൽപ്പിക്കാമെന്നു കരുതിയോ?ഞാൻ വീണ്ടുമെന്റെ ധ്യാനത്തിലേക്ക് അഭയം തേടി .

പ്രവാസത്തിന്റെ പീള കെട്ടി തുടങ്ങിയപ്പോഴാണ് വീണ്ടുമൊരു യാത്രയെപ്പറ്റി ചിന്തിച്ചത് .മനസ്സും ചിലപ്പോഴക്കെ തേകി വൃത്തിയാക്കണം.അപ്പോഴാണ് അർമേനിയ എന്ന ആശയം മുന്നിലേക്ക്‌ വന്നത് .ഷാർജയിൽ നിന്നും കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റുകളുണ്ട് .രണ്ടു പേരല്ലേ ,എവിടെയും തങ്ങാം ,എന്തും കഴിക്കാം.അധികം സാമ്പത്തിക ബാധ്യതയില്ലാതെ പോയി വരാം.യാത്രകൾ ചിലപ്പോൾ സ്വപ്നങ്ങൾ പോലെയാണ് ,എവിടെ തുടങ്ങിയെന്നൊ,എവിടെ നിന്ന് വന്നുവെന്നോ അറിയില്ല .കണ്ണ് തുറക്കുമ്പോൾ നമ്മളതിന്റെ ഒത്ത നടുക്കാണ്.മുന്നിലിപ്പോൾ അരാരത്ത് മാത്രമാണ് .യുഗങ്ങളുടെ ഓർമ്മകളും പേറി അതങ്ങനെ നെഞ്ച് വിരിച്ചു നിൽക്കുകയാണ്.ഞങ്ങൾക്ക് കാണാനെന്നോണം മേഘങ്ങൾ അല്പം ഒതുങ്ങി നിന്നു.പറഞ്ഞറിയിക്കാനാകാത്ത അനേകം വികാരങ്ങളിൽ ,എന്തോ ഒന്നിൽ മനസ്സ് ഉടക്കി കിടക്കുകയാണ്.ഒരു മാസം മുൻപ് നേപ്പാളിൽ പോയ സുഹൃത്ത് എങ്ങനെയെന്തോ പറഞ്ഞത് ഓർമ്മ വന്നു.ടിയാൻ പറന്നത് എവറെസ്റ്റിന്റെ മുകളിലൂടെയാണ് .ലോകത്തിന്റെ മുഴുവൻ അപാരത സ്വാംശീകരിച്ചിരിക്കുകയാണവിടെ എന്ന് തോന്നും.കലപില കൂട്ടി കയറിയ സംഘം ,പിന്നെ മിണ്ടിയിട്ടില്ല.ഞങ്ങളുടെ വിമാനത്തിനകത്തും നിശബ്ദത ഘനിച്ചു നിൽക്കുകയാണ്.

അതിജീവന യാത്രയുടെ ഏഴാം മാസം ,പതിനേഴാം ദിവസം നോഹയുടെ പേടകത്തെ മാറോടു ചേർത്ത് നിർത്തിയ ഹിമശൃംഗം.അതിന്റെ മടിയിൽ കിടന്നാണ് അർമേനിയ അതിന്റെ  സംസ്കാരങ്ങളെയും ജനതകളെയും പ്രസവിച്ചത് .അർമേനിയൻ ജനതയുടെ അഭിമാനബോധത്തിന്റെ അഭേദ്യ ഘടകം,ഇന്ന് കിഴക്കൻ തുർക്കിയിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളത് വേറൊരു വിരോധാഭാസം.ആ മലനിരകളുടെ വെണ്മയിലേക്കു വിരൽ ചൂണ്ടിയ ലിവോണിന്റെയും അനുഷിന്റേയും കണ്ണുകളിൽ കണ്ട തിളക്കം വായിച്ചെടുക്കുവാൻ ഭാഷകൾ വേണ്ടായിരുന്നു.നാലായിരം വർഷമായി            യെരവാൻ നഗരത്തിലെ ഓരോ നാഗരികനും അതെ ദേശാഭിമാനത്തോടെയാണ് പതിനേഴായിരമടി ഉയരുംമുള്ള ആ പർവതത്തിന്റെ മൂർദ്ധാവിലേക്കു നോക്കുന്നത്.പ്രപഞ്ചത്തെ മുക്കിയ പ്രളയത്തിലും തങ്ങളെ ചിറകുകളുടെയിടയിൽ ചേർത്ത് പിടിച്ച അരാരത്ത്.ദേശീയ പക്ഷി ,ദേശിയ മൃഗം എന്ന പോലെ അർമേനിയക്ക് ഒരു ദേശീയ മദ്യമുണ്ട്.അതിനെന്തു പേര് നൽകണമെന്ന് അവർക്കധികം ചിന്തിക്കേണ്ടി വന്നില്ല എന്ന് തോന്നുന്നു-‘അരാരത്ത്.ചിലപ്പോഴക്കെ ദേശീയതയെക്കാളും വലിയ ലഹരിയുണ്ടോ എന്ന് സംശയമാണ് .ദേശസ്നേഹം നെറ്റിയിൽ പോസ്റ്റർ ഒട്ടിച്ചു നടക്കണ്ട അവസ്ഥയാണ് ഇന്ത്യയിൽ.ഹിന്ദുവിന്റെ ദേശസ്നേഹം,മുസ്ലിമിന്റെ ദേശസ്നേഹം,ചർച്ചകൾ പൊടിപൊടിക്കുകയാണ്. താജ്മഹൽ പൊളിച്ചുനീക്കണമെന്നാണ് പുതിയ  ദേശീയത. ക്രിക്കറ്റും,വന്ദേമാതരവും,സിയാച്ചിനും മാത്രമല്ല ദേശീയത.നമ്മൾ ചവിട്ടിയ മണ്ണും,കൊണ്ട കാറ്റും ,തിന്ന ചോറും എല്ലാം അതിന്റെ ഭാഗമാണ്.അരാരത്ത് അർമേനിയൻ ജനതയുടെ പൈതൃകമാണ്,വിശുദ്ധമായ ഒരിടം.അതിനയവർ വാണിഭം ചെയ്യില്ല.നമ്മൾ ഞെക്കിക്കൊന്ന നൂറുകണക്കിന് പുഴകളും ,അരുവികളും ,തോടുകളും ആ മലമുകളിലിരുന്നു എന്നെനോക്കി  ദ്രംഷ്ടകൾ കാട്ടി  .ദൂരെയെവിടയോ പ്രാണവായു കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടു ,ഗോരക്ഷകർ തല്ലിക്കൊന്ന മകനേയും ചേർത്തുപിടിച്ചു അന്ധയായ മാതാവ് നിലവിളിക്കുകയാണ്.ഇടിച്ചു നിരത്തിയ കുന്നുകളും ,തീണ്ടിയ കാവുകളും ,മണ്മറഞ്ഞ പിതൃക്കളും ജീവജാലങ്ങളും മസ്തിഷ്‌കത്തിൽ പ്രകമ്പനം സൃഷ്ടിച്ചു തുടങ്ങി.വിമാനം ലാൻഡ് ചെയ്യുകയാണ്.സെൽഫോണുകളുടെ ഫോട്ടോ ശീൽക്കാരങ്ങളടങ്ങി.താഴെ തരിശുപാടങ്ങളിൽ കർഷകർ ഉറുമ്പുകളെപോലെ.കണ്ണാടി പോലെയുള്ള സോളാർ പാനലുകളിൽ സ്വന്തം  പ്രതിബിംബം കണ്ടു ഞങ്ങളുടെ വിമാനമൊന്നു ഞരങ്ങി.യെരവാൻ  ഞങ്ങളെ ആശ്ലേഷിക്കുകയാണ്.

One comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s