ഓർമകളുടെ ‘പുട്ടെഴുത്ത്”

അമ്മയ്ക്ക് പ്രസവ വേദന വന്നപ്പോൾ ആ ധീര വനിത പുട്ടിനുള്ള അരിപൊടി വറക്കുക ആയിരുന്നു .കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിനും തൊട്ടു മുൻപേ ,ഒരു മഴക്കാലത്ത്‌. എന്തായാലും എന്നോട് കാണിച്ചതിലും കൂടുതൽ മമത ആ മഹാനുഭാവ ഉരുളിയിൽ ചാടി മറിഞ്ഞ അരി പൊടിക്ക് നല്കി..”അന്ന വിചാരം മുന്ന വിചാരം” , മുഴുവൻ പൊടിയും വറുത്തു ഉരുളിയും നിലത്തിറക്കി വച്ചിട്ടാണ് അടുത്ത നടപടിയിലേക്ക് കടന്നത്‌. .എന്തായാലും പുട്ട് എന്ന രണ്ടാക്ഷരവുമായുള്ള ആത്മ ബന്ധത്തിന് ഹരിശ്രി കുറിച്ചത് ആ സുദിനമായിരുന്നു

പുട്ടിനെ തനി നാടൻ എന്നൊക്കെ വിളിക്കാൻ വരട്ടെ. കക്ഷി കാര്യം ഒരു വരുത്തനാണെന്നുള്ള സത്യം പലർക്കുമറിയില്ല.ജന്മദേശം തമിഴ് നാടാണെന്ന് ഗൂഗിൾ ഗുരുജിയുടെ വേദ വാക്യം.തിരുപുകഴുപോലെയുള്ള പ്രാചീന തമിഴ് കൃതികളിൽ പുട്ടിനെ പറ്റി പരാമർശങ്ങളുണ്ട് പോലും.എന്തിനധികം പുട്ട് എന്ന പദം തന്നെ സെന്തമിഴാണെന്നാണു സഖാവ് വികി പീടിയയുടെ വാദം. മാർത്താണ്ഡ വർമ രാജാവാണ് ഈ പലഹാരത്തെ തിരുവിതാന്കൂരിനു പരിചയപ്പെടുത്തിയതെന്നും ,തിരുവിതാങ്കൂർ രാജ്യത്തെ പടയാളികളുടെ ഒഫീഷ്യൽ ഭക്ഷണമായിരുന്നു പുട്ട് എന്നുമാണ് പരാമർശം .

പുട്ടിനെയും രാജാക്കന്മാരെയും പറ്റി പറയുമ്പോൾ ഒരല്പം കുടുംബപുരാണം പറയാതെ വയ്യ. പൂർവികർ നാടുവാഴികളായിരുന്നു എന്ന് കേട്ടിട്ടുണ്ട് .പണ്ട് ഈ കൊച്ചു കേരളം കാക്കത്തൊള്ളായിരം രാജ്യങ്ങളായിരുന്നല്ലൊ .ജന്മിത്തം കൊടികുത്തി വാണ കാലം.പുട്ടിനെ അവർ സ്വീകരിച്ചില്ല .സവർണ്ണർക്കു കഴിക്കാൻ യോജ്യമല്ലാത്ത ഒരു ആഹാരമായി അതിനെ മുദ്രകുത്തി .കണ്ടിയപ്പം എന്നാണത്രേ അവർ അതിനെ വിളിച്ചിരുന്നത്‌ .ഇതെല്ലാം സഹിച്ചു നീറി പുകഞ്ഞുകൊണ്ട് പുട്ട് കാത്തിരുന്നു. സമയനദി കുലം കുത്തിയൊഴുകി.ഫിയോഡലിസത്തിന്റെ അസ്തമയത്തോടെ പുട്ടിനു അടുക്കളയിൽ പ്രവേശനം കിട്ടി.യുദ്ധവും കലഹങ്ങുളുമില്ലാത്ത അവസ്ഥ .അവർക്കതൊരു വലിയ ശൂന്യതയായിരുന്നു. ക്ഷത്രിയ രക്തം തിളച്ചു മറിഞ്ഞു .വീണ്ടും യുദ്ധങ്ങൾ പൊട്ടിപുറപ്പെട്ടു .വേലികൾക്കും ,തോടുകൾക്കും,മാവുകൾക്കും പ്ലാവുകൾക്കും ചക്കക്കും മാങ്ങക്കും വേണ്ടി അവർ പടവെട്ടി.പുട്ട് കുടംങ്ങളിൽ വെള്ളം നിറഞ്ഞു. മുളം കുറ്റികൾ ഇടതടവില്ലാതെ നിശ്വസിച്ചു. കാലചക്രം തിരിഞ്ഞു വന്നപ്പോൾ വഴക്കുകൾ വീടിനകത്തേക്ക് ഒതുങ്ങി. ആയിരക്കണക്കിനു പപ്പടങ്ങൾ ഞെരിഞ്ഞമർന്നു,അതിലേറെ പഴങ്ങൾ അടിച്ചമർത്തപ്പെട്ടു.വഴക്കിലും വക്കാണങ്ങളിലും പെട്ട് പൊട്ടി തകർന്ന പുട്ടുകുടംങ്ങളും കെട്ടിപിടിച്ചു കുഞ്ഞുങ്ങൾ വാവിട്ടുകരഞ്ഞു .ആക്രോശിച്ചുകൊണ്ട് പോരടിക്കുന്ന അപ്പന്മാരെ ഓർത്തല്ല, പുട്ടിലാതെ ഉണരാൻ പോകുന്ന പകലുകളെയോർത്ത് .

ഈ രാജവാഴ്ചയുടെ അവസാനകണ്ണി അപ്പാപ്പനാണ് .എന്റെ പിതാവിന്റെ പിതാവ്.പണ്ട് വലിയ പ്രമാണിയായിരുന്നു അദ്ദേഹത്തിന്റെ പിതാവും,ആ പിതാവിന്റെ പിതാവും.ബ്രിട്ടീഷ്‌ ഭരണകാലത്ത് വോട്ടവകാശം ഉണ്ടായിരുന്ന നാട്ടിലെ ഏക ജന്മി.അപ്പാപ്പൻ ഒരു വൻ സംഭവമായിരുന്നു എന്നാണ് എന്നിലെ എളിയ ചരിത്ര വിദ്യാർഥിയുടെ കണ്ടെത്തൽ.അദേഹത്തിന്റെ തലവെട്ടം കാണുമ്പോൾ വിഷ സർപ്പങ്ങൾ പത്തി താഴ്ത്തുകയും , കട വാവലുകൾ പ്രാണന് വേണ്ടി പകലിന്റെ ഇരുട്ടിൽ എങ്ങോടെന്നറിയാതെ വട്ടമിട്ടു പറക്കുകയും ചെയ്തു .നാട്ടിലെ തർക്കങ്ങളിൽ അവസാന വാക്ക്. ഷർട്ട്‌ ഒന്നും ഇടില്ല ,തല ഉയർത്തിപ്പിടിച്ചേ നടക്കു ,തോളിൽ ഒരു തോർത്തുമുണ്ട്,രാത്രി യാത്രകളിൽ ഒരു ഇരുമ്പ് വടി കയ്യിലുണ്ടാവും.അങ്ങേരെ പറ്റിയുള്ള ഐതിഹ്യ കഥകള് ഒരായിരെണ്ണം ഉണ്ടാകും .പണ്ട് ലോറികൾ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്ക് വന്നിരുന്നത് ഇദ്ദേഹത്തിന്റെ കൊപ്ര കളം തേടിയായിരുന്നു. പിന്നീട് ആ കച്ചവടം പൊളിയുകയും ഒരു പലചരക്കു കട തുടങ്ങുകയും ചെയ്തു ,കൂടാതെ കോടതിയും പ്രശ്നങ്ങളും. അമ്മാമ്മ(അപ്പന്റെ അമ്മ) കടുത്ത ഹൃദ്രോഗിയായിരുന്നു ,ചിരട്ടയും നാഴിയും പോലെ അഞ്ചു കുഞ്ഞുങ്ങൾ. ദാരിദ്ര്യത്തിന്റെ പുക തട്ടിയ ചില രാത്രികളിൽ അപ്പാപ്പൻ.ഉണങ്ങിയ പഴയ പുട്ട് കൂട്ടി കഞ്ഞി കുടിക്കുന്നത് കണ്ടിട്ടുണ്ടെന്ന് എന്റെ പിതാവിന്റെ ബാല്യകാലസ്മരണ. പലചരക്ക് കടയിലെ പഴക്കുലകളിൽ നിന്നും മരിച്ചു വീഴുന്ന കറുത്ത നിറമുള്ള പഴങ്ങൾ തീർക്കാൻ അവർക്കു പുട്ടല്ലാതെ വേറെ മാർഗമില്ലായിരുന്നു.പുട്ട് പ്രേമം അങ്ങനെ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കയ്മാറി.അപ്പാപ്പൻ തീപെട്ടിട്ടു കുറച്ചു വർഷമായി. ഞങ്ങളുടെ വീടിന്റെ കോണിലെ ഏകാന്തതയിൽ കഴിഞ്ഞിരുന്നു ഏറെകാലം . ഓർമകൾക്ക് മങ്ങലുണ്ടായിരുന്നില്ല അവസാന ദിവസം വരെ. എങ്കിലും ആരെയും കാണില്ല, സംസാരിക്കില്ല .അമ്മാമ്മ നേരത്തെ മരിച്ചു .അദേഹത്തെ കാണുമ്പോൾ തോന്നുമായിരുന്നു യൗവനത്തിലെ മരണത്തെക്കാൾ ഭീകരമാണ് ,വാർധക്യത്തിലെ അമർത്യത. ഒരു രാജാവിന്റെ പതനം.അപ്പാപ്പൻ പ്രാതൽ മാത്രമേ കഴിച്ചിരുന്നുള്ളു ,രണ്ടു കുറ്റി പുട്ടും രണ്ടു വലിയ പടല പഴവും.പിന്നെ ഉറക്കമാണ്- വാനപ്രസ്ഥം.അദേഹത്തെ ഈ ലോകവുമായി ബന്ധിപ്പിച്ചിരുന്ന മൃതസഞ്ജീവനികളായിരുന്നു ആ പുട്ടുകൾ.

പുട്ട് ചതിച്ച ഒരു സംഭവത്തിൽ നിന്നും തുടങ്ങാം.എന്നെയല്ല,എന്റെ സുഹൃത്തിനെ .ആളൊരു വൻ പുള്ളിയാണ് .ശുചിത്വം ജീവിതത്തിന്റെ പരമാണുവിലും ജീവാണുവിലും കാത്തു സൂക്ഷിക്കുന്ന വ്യക്തി .ആറടി പൊക്കം,ഒത്ത വണ്ണം, പരിഷ്കാരി. കോളേജിൽ നിന്നും തേക്കൻ കേരളത്തിലെ ഒരു ഇന്റർ കോളേജ് മത്സരത്തിനു പോകുന്ന വഴി.സംഗീത സംഘമാണ് വണ്ടിയിൽ.സ്ത്രീകളൊക്കെയുണ്ട് .രെജിസ്ട്രേഷൻ മുതലായ കാര്യങ്ങൾക്കു ഒരു അധ്യാപകനെ ആദ്യം അയച്ചു ,സമയമില്ലാതെ പായുന്ന നേരത്തും പുട്ട് കഴിക്കാൻ വണ്ടി നിർത്തി.സുഹൃത്ത് ഒരല്പം മോടി കൂട്ടി .പുട്ടും,ചില്ലി ബീഫും, ഷാര്ജ ഷേക്കും വെട്ടി കയറ്റി. പുട്ട് അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ സ്പന്ദങ്ങൾ അറിയുന്ന ആഹാരമാണ്. നാടൻ ബീഫ് കറി ആയിരുന്നെങ്കിൽ അവൻ സഹിച്ചേനെ , പക്ഷെ ചില്ലി ബീഫ് ,കൂടാതെ ഷാര്ജ ഷേക്കും.സംശയം വേണ്ട രണ്ടും ബൂർഷകൾ തന്നെ.വിപ്ലവാഗ്നി എരിഞ്ഞു പൊങ്ങി,ആത്മ മിത്രം ഞെളി പിരി കൊണ്ടിരിക്കുന്നു .വണ്ടിയിലെ സ്ത്രീ സമൂഹത്തിനു മുൻപിൽ ആത്മാഭിമാനം അടിയറവു വയ്ക്കാൻ അവൻ തയ്യാറായില്ല.പക്ഷെ പിന്നീട് സമയം ഏറെ വൈകിയിരുന്നു . ഇപ്പോൾ വണ്ടി വിജനമായ ഒരു ഹൈ വെയിലാണ് കിടക്കുന്നത്.ഞങ്ങൾ പുറത്തിറങ്ങി തേരാ പാരാ ഓട്ടമാണ് .സമയം വൈകിയത് കൊണ്ട് നേരത്തെ പോയ സർ വിളിയോട് വിളി,അവിടെ കോളേജ് പിള്ളേര് അദേഹത്തെ അസഭ്യം പറയുന്നത്രേ…അതിലും വലിയ അസഭ്യമാണ്‌ ഇവിടെ. പാമ്പുകൾക്ക് മാളമുണ്ട് ,പറവകള്ക്ക് ആകാശമുണ്ട് ,മനുഷ്യ പുത്രന് ഭാരം ഇറക്കാൻ മാത്രം മണ്ണിലിടമില്ല..ഒടുവിൽ ഒരു ഓട്ടോ ക്കാരനെ കിട്ടി ,അപ്പുറത്തെവിടെയോ ഒരു വഴത്തോപ്പുണ്ട് എന്ന് പറഞ്ഞ് തീരുന്നതിനു മുൻപേ കൂട്ടുകാരാൻ ആ വലിയ മതിലെടുത്തു ചാടിയിരുന്നു. ഇടയ്ക്ക് വിശേഷം അറിയാൻ മതിലിനപ്പുറം എത്തി നോക്കിയ ഞാൻ കണ്ടത് വിസ്മയാവഹമായ ഒരു കാഴ്ചയാണ്.ഇതിനു മുൻപ് ങ്ങനെയൊരു രംഗം കണ്ടത് പഴയ ലങ്ക ദഹനം; സിനിമയിലോ മറ്റോ ആണ് .

എല്ലാ നാടിനും അവരുടെ ഇതിഹാസങ്ങൾ ഉണ്ട്.ഇതിഹാസപുരുഷന്മാരുണ്ട്.ഞങ്ങളുടെ ഗ്രാമത്തിന്റെ പുട്ട് ചരിത്രത്തിലും അങ്ങനെയൊരുയാളുടെ പേര് തങ്ക ലിപികൾ കൊണ്ട് വരച്ചിട്ടിട്ടുണ്ട് .-ശിവൻ ചേട്ടൻ‘ . പുട്ടുകളുടെ പിതാവ്. ആ മഹാത്മാവിനെ കണ്ട ഓർമയില്ല,കെട്ടിട്ടെയുള്ളു.പച്ചയും ചുവപ്പും പുള്ളികളുള്ള പഴയ മോഡേണ്‍ ബ്രെഡിന്റെ കവറിൽ പൊതിഞ്ഞു തന്നിരുന്ന ആ പുട്ടുകളുടെ രുചി ഇന്നും നാക്കിലുണ്ട്.ദൂര ദേശങ്ങളിൽ നിന്നുവരെ ആളുകൾ ശിവന്റെ പുട്ട് തിന്നാൻ വന്നിരുന്നു. ആ ചെറിയ ചായക്കടയിൽ അവർ അവരുടെ മനസ്സുകളെ പൂട്ടിയുട്ടു. പുട്ടും പരിപ്പും പപ്പടവും ആയിരുന്നു മാസ്റ്റർ പീസ്. ഇന്നും ലോകം മുഴുവൻ ഞങ്ങളുടെ കൊച്ചുഗ്രാമത്തിലെ പുട്ടിന്റെ പ്രതാപം വിളിച്ചോതി ഒരു കൊച്ചു വ്യവസായമുണ്ട് -‘പൊൻ കതിർ ‘ പുട്ടുപൊടി.ആൾബലത്തിലും അർത്ഥത്തിലും കുറവുണ്ടെങ്കിലും ,സ്വാദും ഗുണമേന്മയും മാത്രം മൂലധനമാക്കി അതങ്ങനെ വളരുകയാണ്.കഴിഞ്ഞ ദിവസം മലയാളി തന്നെ ചക്രം തിരിക്കുന്ന ആഗോളഭീമൻ കമ്പനിയുമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.ചർച്ചകളിൽ ‘പൊന്കതിരും’ എന്റെ കൊച്ചു ഗ്രാമവുമൊക്കെ കടന്നു വന്നു.എന്താണാ സ്വാദിന്റെ രഹസ്യം?കൃത്രിമ ചേരുവകൾ?ഞാൻ പറഞ്ഞു “നാട്ടിലും,ഇതൊക്കെ തന്നെയാണ് ചർച്ച”‘.പറയത്തക്ക ഭക്ഷണ പാരമ്പര്യമൊന്നും പറയാനില്ലാത്ത ഒരു ഗ്രാമത്തിൽ നിന്നും ഇത്രയും മേന്മയാർന്ന പുട്ടുപൊടിയോ?ശിവൻ ചേട്ടൻ ആവി പറക്കുന്ന പൂട്ടുകൾ കുത്തിയിട്ടത് ഞങ്ങളുടെ ആത്മാവിലേക്കാണ്.ആ നാട്ടിൽ വറുത്ത പൊടിക്കുമുണ്ടാവും ,ഇതിഹാസത്തിൽ ഇടമില്ലാതെ പോയ ഒരു രുചി പാരമ്പര്യത്തെപ്പറ്റി വാതോരാതെ സംസാരിക്കാൻ. ശിവൻ ചേട്ടൻ ഇന്നില്ല, അദ്ദേഹത്തിന്റെ കടയും,ഹൈവേ വികസനത്തിന്റെ റോഡ്‌ റോ ളറുകൾ ഗ്രാമത്തിന്റെ നന്മകളെയൊക്കെ ഇടിച്ചു നിരത്തിയിരിക്കുന്നു .

പുട്ടോർമകളിലെ മിന്നും താരം എന്നും അമ്മയായിരിക്കും .സർഗാത്മകതയോടെ പുട്ടുണ്ടാക്കാനും ,അതിന്റെ കൊംബിനഷൻ കറികൾ ഉണ്ടാക്കാനും അമ്മയ്ക്ക് പ്രത്യേകം ഒരു വൈദഗ്ദ്യം തന്നെയുണ്ട്‌ .അപ്പൻ ഒരു ബഹു മുഖ പ്രതിഭയാണ് ,സംഗീതഞ്ജൻ, പ്രാസംഗികൻ, സംഗീതധ്യപകൻ അങ്ങെനയങ്ങനെ.അമ്പതു വർഷമായി ഒരു വലിയ സംഗീത കൂട്ടായ്മ മുൻ നിരയിൽ നിന്നും നയിക്കുന്നു .500 വിദ്യാർഥികൾ പഠിക്കുന്ന ഒരു സംഗീത വിദ്യലയവവുമുണ്ട്. ഇതെല്ലം തന്നെ വീടിനോടെ ചേർന്നാണ്‌,അല്ലെങ്കിൽ അടുക്കളയോട് ചേർന്നാണ്‌ ഒഴുകുന്നത്‌.. .വീട്ടിലെന്നും ബഹളമയം .കൂറ്റൻ സ്ഫടിക ഗോപുരങ്ങളും ഉയർത്തി ,ചുറ്റും ഒരു മതിലും കെട്ടി ,അതിന്റെ ഇരുളടഞ്ഞ അകത്തളങ്ങളിൽ അഭിരമിക്കുന്ന ന്യു ജനറേഷൻ കുടുംബങ്ങൾക്ക് അത് പറഞ്ഞാൽ മനസിലാവുമോ എന്നറിയില്ല .അത്താഴസമയത്ത് ഒരു കോളിംഗ് ബെൽ കേട്ടാൽ മുഖം ചുളിയുന്നവരാണു നമ്മളെല്ലാം.ഇതു സംഗതി ഭീകരമാണ്.ഒരു ദിവസം അനേകം പേർക്ക് വച്ച് വിളമ്പുക .പണ്ഡിതന്മാര് മുതൽ പാമരന്മാർ വരെ അത് കഴിച്ചു സായുജ്യം അടയുക .തീൻ മേശകൾ സമ്മേളന ഭുമിയാവുക.അപ്പൻ പാട്ടുണ്ടാക്കുന്നു …അമ്മ പുട്ടുണ്ടാക്കുന്നു എന്ന അവസ്ഥ.ഞങ്ങൾ മൂന്ന് സഹോദരന്മാരാണ് ,പുട്ടിന്റെ പ്രാദേശിക ഉത്‌പാദനത്തിന്റെ പകുതി അങ്ങനെ ചിലവാകും .എന്റെ ബാല്യത്തിലെ പ്രഭാതങ്ങൾക്കെന്നും പുട്ടിന്റെ മണമായിരുന്നു .അതിരാവിലെ ഞങ്ങൾക്ക് സ്കൂളിൽ പോകണം,അത് കൊണ്ട് കിഴക്ക് വെള്ള കീറുന്നതിനു മുൻപേ അമ്മ പുട്ടിന്റെ പൊടി കുഴച്ചു തുടങ്ങും.അങ്ങനെയുണ്ടാക്കുന്ന പുട്ടിനു വലിയ തരികളായിരുന്നു. അവയോരോന്നും ഇങ്കുലാബ് വിളിച്ച്‌ കൊണ്ടേ തൊണ്ടയിൽ നിന്നിറങ്ങു. കാക്ക കുഞ്ഞുങ്ങളെ പോലെ ഞങ്ങൾ അടുക്കളക്ക് ചുറ്റും വട്ടമിട്ടു പറക്കും.പുട്ടിടുന്ന പാത്രങ്ങൾ വയറൊട്ടി നിലവിളിക്കും.പുട്ട് തീറ്റയിൽ ഞങ്ങൾ അപ്പനും മക്കളും ഒരു പ്രത്യേകതരം മത്സര ബുദ്ധി കാണിച്ചിരുന്നു.നാലു മണിക്കും രാവിലത്തെ പുട്ട് തന്നെയായിരുന്നു പലഹാരം. ആദ്യമാദ്യം വരുന്നവർ പരമാവധി അകത്താക്കുകയും,അവസാനം വരുന്നവന്റെ നിലവിളി വീടിന്റെ കൽഭിത്തികളിൽ പ്രധിധ്വനിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ പ്രിയമാതാവ് അവസാനത്തെ അടവ് പുറത്തെടുക്കും.കിരീടം സിനിമെയുടെ ക്ലൈമാക്സിൽ മോഹൻലാൽ കത്തിയെടുത്തു വീശുന്നത് പോലെ ,കറി കയ്യില് കൊണ്ട് ഞങ്ങളെ ആട്ടിയോടിക്കും ..

ഒരുപാടു പേർക്ക് വച്ച് വിളംബുക, അതൊരു കലയാണ് .അമ്മ പാചക റാണി ഒന്നുമായിരുന്നില്ല .പക്ഷെ അടുക്കള അക്ഷയഖനിയായിരുന്നു.കടല ക്കറിയിലെ ചാർ ഒരിക്കലും വറ്റില്ല.ആളു കൂടുന്നതിനനുസരിച്ച് കട്ടി കുറഞ്ഞു വരും എന്നുമാത്രം .രാവിലത്തെ ചായയാണ് നല്ല ചായ…രാത്രിയാവുമ്പോഴേക്കും ജലസംപുഷ്ടി കൂടി കൂടി കടും ചായ ആയിതീരും . എന്റെ വീട്ടിൽ നിന്നും ഒരു ദിവസം കഴിച്ച പുട്ടിന്റെയും താറാവ് കറിയുടെയും രുചിയെ പറ്റി വർഷങ്ങൾക്കു ശേഷം ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം പറയുക ഉണ്ടായി .ഫൈവ് സ്റ്റാർ ഹോട്ടലിലെ ത്രീ കോഴ്സ് ഡിന്നർ ആണോ ആതിഥേയത്വം ?മഴ നനഞു കയറിവരുമ്പോൾ സ്നേഹം ചാലിച്ച് തരുന്ന അര ഗ്ലാസ്‌ കടും ചായയല്ലേ?ഹൃദയത്തിലേക്ക് ഉദരത്തിലൂടെയല്ലാതെ എതാണ് എളുപ്പ വഴി?

തേങ്ങയും അരിയാഹരങ്ങളെയും കൊലയാളിയായി മുദ്രകുത്തിയ സമയത്ത് വീട്ടിലെ പുട്ട് കുടം മിഴിയടച്ചു .യാതൊരു വികാരവുമില്ലാത്ത ഒട്സും ,കോണ്‍ ഫ്ലാക്ക്സുമൊക്കെയായി ഭക്ഷണം .ജീവിതത്തിന്റെ നിറം നഷ്ടപെട്ടു.പുട്ടും കഞ്ഞിയും ,ഉണ്ണിയപ്പവും,പത്തിരിയും ,ബിരിയാണിയുമൊക്കെ ഒരു വികാരമാണ്, ഓർമകളാണ്,ബന്ധങ്ങളാണ്.പോക്കിൽക്കൊടിയിലൂടെയല്ലല്ലോ നമ്മൾ അമ്മയുടെ സ്നേഹം അറിഞ്ഞത് ,നൂറു നൂറു ചെറിയ കുഞ്ഞു ചോറ് ഉരുളകളിൽ ,വായിൽ വച്ച് തന്ന തേനിലും വയമ്പിലും,അമ്മ വച്ച കറികളിൽ ,സ്പെഷ്യൽ പലഹാരങ്ങളിൽ. എന്ത് തിന്നാലും വയറു നിറയുംഉസ്താദ്‌ ഹോട്ടൽ സിനിമയിൽ തിലകന്റെ കഥാപാത്രം പറയുന്നത് പോലെമനസ്സ് നിറയില്ല‘ .ഓർമകളും ഹൃദയ ബന്ധങ്ങളും ഇന്ന് പഴയ സിനിമ കഥകളാണ് .ലുലു ഷോപ്പിംഗ്‌ മാളിൽ ‘മക്ഡൊണാൾഡ്സ് വന്നതിന്റെ സന്തോഷ ആരവങ്ങൾ ഫെയ്സ് ബുക്കിൽ കണ്ടു .നൊസ്റ്റാൾജിയ ഇന്ന് പ്രവാസി മാത്രം പേറ്റന്റ്‌ എടുത്ത ഒന്നാണ്. കൊച്ചിയിൽ നടൻ ദിലിപും നദിർഷയുമൊക്കെ ചേർന്ന് പുട്ടിനു ഒരു ബൂർഷാ പരിവേഷം നല്കി.അവർക്കു അഭിവാദ്യങ്ങൾ .

യു ട്യുബിൽ വിജയക്കൊടി പാറിച്ച ഒരു റിമിക്സ്‌ പാട്ടിന്റെ വരികൾ ഓർമ്മ വരുന്നു .”പണവും പ്രതാപവും നമ്മുക്കെന്തിനാ …പുട്ടുണ്ടല്ലോ പുട്ടിൻ പൊടി ഉണ്ടല്ലോ …..വാവാ പുട്ടെ വാ പുട്ടിന്റെ പൊടിയെ വാ”. ഒരു അമേരിക്കൻ ഭോജനശാലയിലെ തണുപ്പിൽ അതിലും തണുത്ത എന്തോ കഴിച്ചു കൊണ്ടിരുന്നപ്പോളാണ് പഴയ ഒരു പുട്ടിന്റെ തരി ചിന്തയിൽ കുടുങ്ങിയത്.പിന്നെ ഒരു ഓട്ടമായിരുന്നു .പുട്ട് കിട്ടുന്ന ഒരു കാഫെറെറിയ കണ്ടു പിടിച്ചു.പുട്ടെന്തായാലും പഴയ പരിചയ ഭാവം കാണിച്ചില്ല ,വളരെ നാള് കാണാത്തതിന്റെ പരിഭവവുമുണ്ടയിരുന്നു.അനേകായിരം അടുക്കളകളിൽ നന്മയുടെ ആവി പറക്കട്ടെ.അത് കഴിക്കുന്ന എല്ലാവര്ക്കും നന്മ വരട്ടെ.ദേവാലയത്തിൽ വച്ച് കേൾക്കുന്ന ഒരു യാത്രാമൊഴി പരിഷ്കരിക്കുന്നു .”ഓർമകളുടെ പുട്ടെ ,നിനക്ക് സ്വസ്തി ,ഹൃദയബന്ധങ്ങളുടെ പുട്ടെ നിനക്ക് സ്വസ്തി…….ഇനിയൊരു പുട്ട് കഴിക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞു കൂടാ “…..

One comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s