യാത്രകൾക്കൊരാമുഖം

ലൈൻ ബസ്സിലെ പെട്ടി സീറ്റിലിരുന്നു യാത്ര ചെയ്തിട്ടുണ്ടോ. ഛർദിലിന്റെ മണമുള്ള പഴയകാല ബസ് യാത്രകളിലെ തികഞ്ഞ ഫെമിനിസ്റ്റുകളായ പെട്ടിസീറ്റുകൾ.അമ്മയുടെ കൈ തൂങ്ങി കയറിയ ബസ്സുകളിലൊക്കെ കാഴ്ചകളുടെ വർണ്ണ പരവതാനി തീർത്തവർ. നമ്മിലേക്കു വന്നലിഞ്ഞു തീർന്ന വഴികളും മനുഷ്യരും.യാത്രകളുടെ ചരടിന്റെയറ്റം പിടിച്ചു ചെന്നാൽ കാണുന്ന ആദ്യത്തെ പാനരോമിക് വിഷ്വൽ ആണിത്.മനസ്സിൽ നിന്ന് മായാത്ത നൂറു നൂറു ബസ്സോർമകളുമായി ജീവിച്ചു മരിക്കുന്നവനാണ് ശരാശരി മലയാളി. മനുഷ്യരും പ്രകൃതിയും മാത്രമല്ല നിർജീവമായ പല യന്ത്രങ്ങൾ പോലും നമ്മുടെ ആത്മാവിന്റെ ഭാഗമായിത്തീരുന്നതിങ്ങനെയാണ്. ഏകാന്തതയുടെ നിലാവ് പെയ്ത രാത്രികളിൽ ആളൊഴിഞ്ഞ കെ.എസ്.ആർ. ടി. സി. ബസ്സിലിരുന്നു ചെയ്ത സഞ്ചാരങ്ങൾ ഓർമ്മയില്ലേ. നാം നമ്മിലേക്ക്‌ നടന്നു തുടങ്ങിയ യാത്രകൾ.അമ്മയുടെ മാറത്തിരുന്ന് കണ്ട ലോകമല്ല , അപ്പനോടപ്പം തോൾ ചേർന്ന് കണ്ടത്- മാറുന്ന ലോകം , മാറുന്ന യാത്രകൾ.

ലോകത്തിലേക്ക് അലിഞ്ഞു ചേരാൻ കഴിയുന്നിടത്താണ് എല്ലാ യാത്രകളുടേയും പാരമ്യം. കേരളത്തിലെ ഒരു കുഗ്രാമത്തിൽ പിറന്ന ആദിശങ്കരന് അദ്വൈത പ്രകാശം ലഭിച്ചത് കാശിയിലേക്കും ബദ്രിനാഥിലേക്കുമുള്ള യാത്രകളാണ്. “ഞാനാരാണ്” എന്ന ചോദ്യത്തിന് ഭാരത പര്യടനത്തോളം നല്ല ഒരു സത്യാന്വേഷണ പരീക്ഷയുണ്ടോ? കൈക്കുമ്പിളിൽ കോരിയ കടൽ വെള്ളവും, കടലിലെ വെള്ളവും ഒന്ന് തന്നെ, പല അളവുകൾ, പല അളവുകോലുകൾ.സനാതന ധർമത്തിൽ ആ യാത്ര അവസാനിക്കുകയാണ്.ഇരുപത്തി ഒൻപതാം വയസ്സിൽ കപിലവസ്തുവിനോട് വിട പറഞ്ഞു സിദ്ധാർത്ഥ രാജകുമാരൻ ഗൗതമ ബുദ്ധനിലേക്കു നടത്തിയ യാത്രയെ ”ദി ഗ്രേറ്റ് ഡിപ്പാർച്ചർ’എന്നാണ് ചരിത്രം രേഖപ്പെടുത്തിയത്.നസ്രത്തിലെ ഗ്രാമവഴികളിലൂടെ മരപൊടിയുടെ ഗന്ധവും പേറി നടന്ന ഒരു ബാലൻ ഒരു ദിവസം ലോകത്തിന്റെ അജ്‍ഞത കണ്ടു തരിച്ചിരുന്നു. താണ്ടാൻ അറിവിന്റെ മഹാസാഗരങ്ങളും , തകർക്കാൻ മൂഢതകളുടെ മാമലകളും ഉണ്ടെന്ന തിരിച്ചറിവിൽ അവന്റെ സഞ്ചാരം ആരംഭിക്കുകയാണ്. ദശാബ്ദങ്ങളുടെ കാലടികൾക്കപ്പുറം തന്റെ മുൻപിൽ വന്നു നിന്ന ആ യുവാവിന്റെ കണ്ണിൽ സ്നാപക യോഹന്നാൻ എന്ന വയോധികൻ കണ്ട തിളക്കം എന്തായിരുന്നു.രണ്ടു പതിറ്റാണ്ടിന്റെ യാത്രകളും,അതിലൂടെ രാകിയെടുത്ത അഹം ബോധവും. അയാൾക്ക്‌ സ്വീകരിക്കാൻ ഇനിയൊരു ജ്ഞാന സ്നാനമില്ല എന്ന വെളിച്ചത്തിൽ ആ വൃദ്ധന്റെ ചുണ്ടിൽ പുഞ്ചിരി വിടരുകയാണ്. ഉണ്ട ഓണത്തിന്റെയും കണ്ട ലോകത്തിന്റെയും കണക്കു പറഞ്ഞു സ്നേഹശാസനകൾ നൽകിയ ഒരു വൃദ്ധനും വൃദ്ധയും നമ്മുടെയെല്ലാം വീടിന്റെ മൂലയിലില്ലേ.

പറഞ്ഞു വന്നത് ചെളിയിലാണ്ടു പോയ പാദങ്ങൾ പുറത്തിടുക്കാനാണ്. ഭൂമിയും, പ്രകൃതിയും മനുഷ്യരുമെല്ലാം കീഴടക്കാനും , വ്യയം ചെയ്യാനും മാത്രമുള്ളതല്ല. മുൻപേ നടന്നവർ ജ്ഞാനികളായിരുന്നു. , അവർ വെട്ടിയ വഴികളിലാണ് നാം വിളക്ക് കാലുകൾ കുത്തിയത്. കാൽവിരൽ, നനഞ്ഞ മണ്ണിൽ തൊടണം , തണുത്ത ചുരകാറ്റു ചെവികളെ സ്പർശിക്കുമ്പോൾ, ഓർമകൾക്ക് പനിപിടിക്കണം ,അറിയാത്ത നാടുകളിൽ, പറഞ്ഞറിയിക്കാനാവാത്ത അനുഭുതിയോടെ വ്യത്യസ്ത രുചികൾ രുചിക്കണം. കാഴ്ചകളിൽ മനസ്സെത്തണം. കടൽ തീരത്തു ആദ്യം ചെന്നതോർമയുണ്ടോ, അന്നതൊരത്ഭുതമായിരുന്നു. അതേ ജിജ്ഞാസയോടെ ലോകത്തെ കാണണം.വൈകുന്നേരമായാൽ കടയിൽ പോലും പോകാത്ത മനുഷ്യരുണ്ട് ചുറ്റിനും. അകെ കിട്ടുന്ന ഒരു വെള്ളിയാഴ്‌ച ബിരിയാണി തിന്നും ,വൈകുന്നേരം വരെ കിടന്നുറങ്ങിയും, നാട്ടിലെ സമ്പാദ്യങ്ങളുടെ കണക്കു ഓർത്തു ഓർത്തു നിർവൃതി അടഞ്ഞും,രാത്രി രണ്ടു സ്മാള് വിട്ടും, ജീവിക്കുന്ന ഒരുപാടു മനുഷ്യര് ഈ പ്രവാസി ലോകത്തുമുണ്ട്.അതൊരു മഹാപാപമാണെന്നല്ല പറയുന്നത്.എല്ലാവര്ക്കും അവരവരുടെ ആനന്ദം കണ്ടെത്തനുള്ള സ്വാതന്ത്ര്യം ഈശ്വരൻ നൽകിയിട്ടുണ്ട്. എന്നാലും ഇ സുന്ദര പ്രപഞ്ചത്തിലേക്കു തുറന്നു വച്ച ജനലുകൾ എങ്ങനെ കൊട്ടിയടക്കാൻ തോന്നുന്നു.അതേ ലോകത്തു ജീവിക്കുന്ന മറ്റു അറബ് സമൂഹങ്ങളുണ്ട്,രാവിലെ ബാർബെക്യു് സാമഗരികളുംപായയും ഷീഷയുമായി സകുടുംബം ഇവിടെയുള്ള പാർക്കുകളിലും,ബീച്ചുകളിലും ,സമയം ചിലവഴിക്കുന്നവർ. റഷ്യൻ മിസൈലുകളും, ഹൂതികളും, മറ്റു റെബലുകളും ചേർന്നു തകർത്ത ഒരു സംസ്കാരത്തിന്റെയും രാജ്യത്തിന്റെയും ഭാഗമാണവർ. ദൈവത്തിന്റെ സ്വന്തം നാട്ടുകാരേക്കാൾ , അവർക്കറിയാം നല്ല വായുവിന്റെയും, വെള്ളത്തിന്റേയും, ചടഞ്ഞിരിക്കുന്ന ഈ പുൽ തകിടിയുടേയും വില. സ്‌കൂളിൽ പഠിച്ച ഹെല്ലെൻ കെല്ലറുടെ ത്രീ ഡേയ്സ് ടു സീ എന്ന ഓർമ്മക്കുറിപ്പ് തികട്ടി വരുന്നു. അന്ധയും, മൂകയും, ബധിരയുമായ ഹെലൻ ,പൂന്തോട്ടത്തിൽ നടക്കാൻ പോയ സുഹൃത്തിനോട് അത് വിവരിക്കാൻ പറയുമ്പോൾ ,”ഓ, കാര്യമായി ഒന്നുമില്ല: എന്നാണവർ പറയുന്നത്. എന്തെന്നില്ലാത്ത നിരാശയിൽ ഹെലൻ എഴുതിയത് വായിച്ചാൽ കണ്ണ് നിറയും. വെറുമൊരു മരച്ചില്ലയിൽ സ്പര്ശിച്ചു കൊണ്ടാണ് താൻ ഗ്രീഷ്മമെന്ന കലാകാരിയുടെ വരവറിയുന്നത് .കാട്ടുപൂക്കളുടെ സുഗന്ധം പേറി വരുന്ന വസന്തവും. മൂർദ്ധാവിൽ വീണ മഴത്തുള്ളിയുമൊക്കെ ആയിരമായിരം കഥകൾ തന്നോട് പറയുമ്പോൾ,പ്രിയ കൂട്ടുകാരി നീ മാത്രമെന്തേ ഇതൊന്നും അറിയാഞ്ഞത്‌. അചലമായതൊക്കെ ഒടുവിൽ മൃതമാവും. നല്ല യാത്രകളുടെ അഭാവമാണ് ഈ ലോകത്തിന്റെ ജീർണത.

One comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s